2023, ഏപ്രിൽ 27, വ്യാഴാഴ്‌ച

യാത്ര


        പുണ്യം ചൊരിയുന്ന വിണ്ണു കാണാൻ

                നിരഞ്ജന പി എസ്  -എട്ട്.ബി

 


 

    മനസ്സിൽ ശാന്തതയുടെയും സന്തോഷത്തിന്റെയും തണുപ്പ് വീശുന്ന കാറ്റുള്ള മണ്ണിലെത്താൻ, വിണ്ടു കീറപ്പെട്ട പാദത്തിന്റെ വേദന ഒഴുക്കി കളയുന്ന വിശാലമായ കടലിലിറങ്ങാൻ, വെറുമൊരു സാധാരണക്കാരനിൽ നിന്നും ആർക്കും എത്താൻ ആകാത്ത ദൂരത്തെത്തി നിന്ന് ആ വലിയ മനുഷ്യന്റെ ഓർമ്മയിൽ എത്തി നോക്കാൻ, ഒരു പാൽക്കാരന്റെ മുന്നിൽ കൃപയുടെ മഴ ചൊരിഞ്ഞ മാതാവിന്റെ തിരു സന്നിധിയിൽ എത്താൻ ഒരു യാത്ര.

കന്യാകുമാരി,രാമേശ്വരം, വേളാങ്കണ്ണി. ആരിലും പുണ്യം നിറയ്ക്കുന്ന പേരുകൾ. ആ വീഥികളിലൂടെ ഓടിമറയാൻ മോഹിക്കുന്ന എന്റെ മനസ്സിനെ തൃപ്തിപ്പെടുത്താൻ വേണ്ടി ഒരു യാത്ര.

ആദ്യം കന്യാകുമാരിയിലേക്ക്. മൂന്നു കടലുകൾ ഒത്തുചേർന്ന് അനുഗ്രഹം വർഷിക്കുന്ന ശാന്ത തീരത്തിലേക്ക്.

ഞങ്ങൾ യാത്രതിരിച്ചു. ഒരു അണു കുടുംബത്തിന്റെ ആനന്ദം ആസ്വദിച്ചു കൊണ്ടുള്ള യാത്ര. സ്വന്തം വാഹനത്തിലാണ് യാത്ര. അതിന്റെ സ്വാതന്ത്ര്യം യാത്രയിൽ ഉടനീളം ഉണ്ടായിരുന്നു. തീയതി 10/4/ 2023. സമയം പുലർത്തി അഞ്ചുമണിയോളം അടുപ്പിച്ച് ആയിരുന്നു. ഈശ്വരനെ മനസ്സിൽ വിചാരിച്ചു. യാത്ര തുടങ്ങി. സൂര്യൻ ഇനിയും ഉണർന്നിട്ടില്ല. സുഖമായി ഉറങ്ങുന്ന അരുണനെ ഓർത്തപ്പോൾ അസൂയ തോന്നി. യാത്രയുടെ തുടക്കം മുതലേ ഞാൻ എന്റെ ഉറക്കവുമായി സൗഹൃദം ഉണ്ടാക്കി. നല്ല ഉറക്കം. വെറും രണ്ടുമണിക്കൂർ, ഏഴ് മണി ഏതാണ്ട് കഴിഞ്ഞപ്പോൾ കന്യാകുമാരിയിൽ എത്തി. ഇന്ത്യയുടെ മുനമ്പിൽ. യാത്രാമധ്യേ ഞാൻ നല്ല ഒരു സൂര്യോദയം കണ്ടു. `എന്തിനു വേറൊരു സൂര്യോദയം´ ഞാൻ എന്റെ മനസ്സിൽ ആലോചിച്ചു. ഒരു റൂം കിട്ടി. അല്പം വിശ്രമിച്ചു. പിന്നെയും യാത്ര. ഊരു ചുറ്റുന്ന അമ്മയും അച്ഛനും മക്കളും. ആദ്യം വിവേകാനന്ദപ്പാറ സന്ദർശനം. ബോട്ടിനായുള്ള കാത്തിരിപ്പ്. ഉള്ളം മടുപ്പിക്കുന്നു. അയൽവാസികളായ സംസ്ഥാനങ്ങളിലെ ആളുകളുടെ ഒച്ചയും ബഹളവും. അവരുടെ ഉച്ചസ്ഥായിയിലെ സംസാരം കേട്ടപ്പോൾ ഉള്ളിൽ ഞാൻ അറിയാതെ ചിരിച്ചു പോയി. ബോട്ട് വന്നു. ജലത്തിലൂടെ പൊങ്ങിയും, താണും, കുലുങ്ങിയും, ഒക്കെയുള്ള യാത്ര. ശേഷം പാറയിലേക്ക്. നല്ല കാറ്റ്, വെയിൽ. സൂര്യൻ കത്തുന്നു. ഇവിടെയുള്ള മണ്ഡപങ്ങൾ രണ്ടും സന്ദർശിച്ചു. ഒന്നിൽ വിവേകാനന്ദ സ്വാമിയുടെ വലിയ പ്രതിമ. ഡിസംബർ 25, 26, 27 തീയതികളിലാണത്രെ അദ്ദേഹം ഇവിടെ ധ്യാനം ചെയ്തത്. ശാന്തമായ അന്തരീക്ഷം. അത്ഭുതത്തിന്റെയും വിസ്മയത്തിന്റെയും കണ്ണുകൊണ്ട് എല്ലാം വീക്ഷിക്കുന്ന സഞ്ചാരികൾ. ഞങ്ങളും അതിൽ പെടും. വിവേകാനന്ദപ്പാറയിൽ നിന്നും കവിത തിരുവള്ളൂരിന്റെ പ്രതിമയും വീക്ഷിച്ചു. അതിന്റെ മുകളിലൂടെയാണ് 2004 നടന്ന സുനാമിയിൽ തിരയടിച്ചത് എന്ന് അച്ഛൻ പറഞ്ഞു. ആ സന്ദർഭം മനസ്സിൽ നോക്കി കണ്ടപ്പോൾ വല്ലാത്ത ഭയം തോന്നി.


 

തിരിച്ചുവന്നു. ഇനി എല്ലാം നടന്നു കാണണം. സൂര്യൻ തലയ്ക്ക് മുകളിൽ വന്നു നൃത്തമാടുന്നു. ഉഷ്ണം അസഹനീയം. യാത്രയുടെ `ത്രില്ല്´ ചെറിയ കുളിരേകുന്നു. മഹാത്മാഗാന്ധിയുടെ സ്മാരകവും, കാമരാജുടെ സ്മാരകവും ദർശിച്ചു. അവരുടെ ഓർമ്മകൾ ചിത്രങ്ങൾ ആക്കി സൂക്ഷിച്ചിരിക്കുന്നു. ഞങ്ങൾ അവിടെ നിന്നും ഇന്ത്യയിലെ ആദ്യ വാക്സ് മ്യൂസിയം എന്നറിയപ്പെടുന്ന മ്യൂസിയത്തിലേക്ക് നടന്നു. കൊടുംചൂടിൽ `വെയ്റ്റിംഗ് ഷെഡുകൾ´ കുട ചൂടി. മ്യൂസിയത്തിൽ വച്ച് കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെയും, നടൻ വിജയിയെയും, ഗാന്ധിജിയെയും, .പി.ജെ അബ്ദുൽ കലാമിനെയും, മദർ തെരേസയെയും, ആൽബർട്ട് ഐൻസ്റ്റീനിനെയും, ഒക്കെ അടുത്ത് കാണാനും കൂടെ ചിത്രം എടുക്കാനും കഴിഞ്ഞു. അവർ മെഴുകു പ്രതിമകൾ ആണെന്നാലും. അവിടെ ത്രീഡി പെയിന്റിങ്ങുകളും ഉണ്ടായിരുന്നു. നല്ല മനോഹരമായ ചിത്രങ്ങൾ. ഫോട്ടോ എടുക്കുമ്പോൾ ശരിക്കും ഉള്ളതാണെന്ന് തോന്നും. അത്ര മനോഹരം. അവിടെ നിന്നും തിരിച്ചു. റൂമിൽ വന്ന് വിശ്രമിച്ചു. ശേഷം സൂര്യാസ്തമനം കാണാനിറങ്ങി. നമ്മോട് പിണങ്ങിയാണെന്ന് തോന്നുന്നു നമ്മൾ വരുന്നതിനു മുൻപ് സൂര്യൻ പോയിക്കളഞ്ഞു. അപ്പോൾ ചെറിയ സങ്കടം തോന്നി. കടലിൽ ഒക്കെ ഇറങ്ങിയും തീരത്ത് കൂടെ നടക്കുകയും ചെയ്തിരുന്ന ഞങ്ങളുടെ യാത്രയ്ക്കിടയിൽ ഒരു ചെറിയ കാര്യം ശ്രദ്ധയിൽപ്പെട്ടു. തമിഴ്നാട്ടുകാരായ ചിലർ. എന്തോ ആചാരമാണ്. ശബ്ദത്തിൽ കൊട്ടുകയും, കുറച്ചുപേര്‍ നൃത്തം ചെയ്യുകയും ചെയ്യുന്നു. എന്തോ അനുഷ്ഠാനമാണെന്ന് അമ്മ പറയുന്നത് കേട്ടു. ആ കാഴ്ച എന്റെ ഓർമ്മ പുസ്തകത്തിൽ നിന്നും മാഞ്ഞുപോകും എന്ന് എനിക്ക് തോന്നുന്നില്ല. അങ്ങനെ ആ ദിനം കഴിഞ്ഞു.

യാത്രയുടെ രണ്ടാം നാൾ. അതിരാവിലെ വണ്ടിയെടുത്തിറങ്ങി. നേരെ രാമേശ്വരത്തേക്ക്. അബ്ദുൽ കലാം എന്ന മിസൈൽ മാൻ ജനിച്ച മണ്ണിൽ. തെക്കേ ഇന്ത്യയിലെ പ്രശസ്തമായ മറ്റൊരു സ്ഥലത്തേക്ക്. ആ യാത്രയിലും ഞാൻ നിദ്രയുടെ കൂട്ടുപിടിച്ചു. യാത്രയ്ക്കിടയിൽ ആളുകൾ കൂടി നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. കാളയോട്ട മത്സരമാണ് കാര്യം. ഈ മത്സരത്തെ ഇവിടുത്തുകാർ `മാട്ട് വണ്ടി റൈസിങ്´എന്ന് വിളിക്കുന്നു. പേരുകേട്ടപ്പോഴും മത്സരം കണ്ടപ്പോഴും ചിരി വന്നു. അവിടെ നിന്ന് വണ്ടി നീങ്ങി. ഒരുപാട് ദൂരമുണ്ട്. അതെല്ലാം താണ്ടി രാമേശ്വരത്തെത്തി. താമസസൗകര്യങ്ങൾ ഒരുക്കി ഞങ്ങൾ പിന്നെയും ഊരു ചുറ്റാൻ ഇറങ്ങി. നേരെ അബ്ദുൽ കലാം മെമ്മോറിയലിലേക്ക്. വളരെ മനോഹരമായ സൂക്ഷിക്കപ്പെട്ട സ്മാരകമാണ് അത്. അവിടെ കലാമിന്റെ ഭൗതികശരീരം സൂക്ഷിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ ചിത്രങ്ങളും, ഓർമ്മവസ്തുക്കളും, പ്രതിമകളും, അദ്ദേഹത്തിന് ലഭിച്ച പുരസ്കാരങ്ങളും, ഒക്കെ സൂക്ഷിച്ചിരിക്കുന്നു. അന്നാണ് എനിക്ക് ആ മഹാ മനുഷ്യന്റെ മഹത്വം മനസ്സിലായത്. നിഷ്കളങ്കമായ ചിരിയുള്ള കുട്ടികളുടെ മനസ്സുള്ള ഒരാൾ. എന്നും എപ്പോഴും എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കാൻ ആഗ്രഹിക്കുന്ന മനുഷ്യൻ. അദ്ദേഹത്തിന്റെ വേർപാടിൽ എനിക്ക് വല്ലാത്ത ദുഃഖം തോന്നി. ഇന്നും ആ നിറച്ചിരി മായാതിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു. അവിടെ നിന്നും ഞങ്ങൾ അബ്ദുൽ കലാമിന്റെ വീട്ടിലെത്തി. അവിടെയും അദ്ദേഹത്തിന്റെ ഓർമ്മകൾ. നേരിട്ട് കാണാൻ ഭാഗ്യമുണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ച നിമിഷങ്ങൾ. ഇനി കാണാൻ വിധിയില്ല എന്ന് കാലം ഓർമ്മിപ്പിക്കുമ്പോൾ ഉള്ളിലൊരു വിങ്ങൽ. അവിടെ നിന്നും തിരിച്ചിറങ്ങി. പറയാൻ മറന്നുപോയി ഞാൻ സിനിമകളിലും കഥകളിലും കേട്ടിട്ടുള്ള പാമ്പൻ പാലം കണ്ടു. ഒരു പെരുമ്പാമ്പിനെ പോലെ നീണ്ടുകിടക്കുന്ന പാമ്പൻ. കലാമിന്റെ വീട്ടിൽ നിന്നും തിരിച്ചു റൂമിലേക്ക്.വീണ്ടും വിശ്രമത്തിലേക്ക്.


 

ഒരു ദിനം കൂടി രാമേശ്വരത്ത്. ധനുഷ്കോടിയാണ് 12/4/2023 ലെ യാത്ര. കുറച്ചു ദൂരം ഉണ്ട്. ഇന്ത്യയുടെ അങ്ങേയറ്റത്തെത്തിയ പോലെ. കടൽ കണ്ടു നല്ല മനോഹരമായ കാഴ്ച. സൈക്ലോൺ തകർത്ത പള്ളിയും മറ്റ് അവശേഷിപ്പുകളും സന്ദർശിച്ചു. അവിടെ നിന്നും തിരിച്ചു. ഡോഡോ ഐലൻഡ് എന്ന പക്ഷി വളർത്തൽ കേന്ദ്രത്തിൽ എത്തി. ഒരുപാട് പക്ഷികളും ജീവികളും. അവിടെ നമുക്ക് പക്ഷികളുമായി ഇടപഴകാം, തീറ്റ നൽകാം. ഞാനൊഴിച്ച ബാക്കി എല്ലാവരും ഉള്ളിൽ കയറി. പക്ഷികളുമായി കളിച്ചു. എനിക്ക് ഇതിനോടൊക്കെ ഭയമാണ്. പിന്നീട് അവിടെ തന്നെ രണ്ടു ഭീമൻ ഒട്ടകപക്ഷികളെ കണ്ടു. നല്ല ഉയരമുള്ളവ. രാമേശ്വരത്തു നിന്നും പോകാൻ ഒരു മടി. പുണ്യമായ ആ മണ്ണിൽ നിന്ന് പോകാൻ. കലാമിന്റെ നാട്ടിൽ നിന്നും മടങ്ങാൻ.


 

പിറ്റേന്ന് അതായത് 13/4/2023 ഞങ്ങൾ മറ്റൊരു പുണ്യസ്ഥലമായ വേളാങ്കണ്ണിയിലേക്ക് തിരിച്ചു. താമസിയാതെ അവിടെ എത്തി. കുറച്ചുനേരം വിശ്രമിച്ചിട്ട് അവിടുത്തെ പള്ളികൾ എല്ലാം സന്ദർശിക്കാൻ ഇറങ്ങി. മാതാവിന്റെ സാന്നിധ്യമുള്ള ആ കാറ്റിൽ ചെയ്ത പാപങ്ങൾ കഴുകി കളഞ്ഞ് മോക്ഷം കിട്ടി തിരിച്ചുപോകുന്ന ചിലരെ ഞാൻ കണ്ടു. അവരുടെ കണ്ണിൽ പ്രതീക്ഷയുടെ നാളങ്ങൾ എരിയുന്നുണ്ട് എന്ന് എനിക്ക് വ്യക്തമായി. മനസ്സുരുകി പ്രാർത്ഥിച്ചു,മെഴുകുതിരി കൊളുത്തി. അവിടെനിന്നും യേശുക്രിസ്തുവിന്റെ വലിയ പ്രതിമയ്ക്ക് അടുത്ത് എത്തി. അവിടെ കുറച്ചുനേരം ചിലവിട്ടിട്ട് ഞങ്ങൾ കടൽ കാണാനിറങ്ങി.ഇരുട്ടിന്റെ പുതപ്പ് മൂടിയ ആകാശം. ഞങ്ങൾ തിരയുടെ കൂടെ കളിച്ചു. മണൽ പരപ്പിൽ എഴുതിവച്ചു. അത് കടലമ്മ മായിച്ചു കളഞ്ഞു. സമയം പോവതറിയാതെ ഞങ്ങൾ ആ കടലിൽ ഒരുപാട് നേരം ചിലവഴിച്ചു. സമയം രാത്രിയാകുന്നു. തിരിച്ചു റൂമിലെത്തി. പിറ്റേന്ന് രാവിലെ വീട്ടിലേക്ക് തിരിക്കണം. സ്വർഗ്ഗതുല്യമായ ഇടം ആയാലും സ്വന്തം വീട്ടിൽ തിരിച്ചെത്തുന്നത് എന്നെ സംബന്ധിച്ചിടത്തോളം പരമാനന്ദമാണ്. വേളാങ്കണ്ണി മാതാവിനും യാത്രാമൊഴി അരുളി ഞങ്ങൾ മടക്കയാത്ര ആരംഭിച്ചു. 14/4/2023ന് കൃത്യം അഞ്ചുമണിക്ക് യാത്ര തുടങ്ങി. 12 മണിക്കൂറോളം നീണ്ട യാത്രയിൽ കടകൾ, റോഡിന്റെ ഇരുവശത്തുമുള്ള കാഴ്ചകൾ, നിവർന്നു കിടക്കുന്ന പശ്ചിമഘട്ടം, എല്ലാം കണ്ടു. വണ്ടിയുടെ വേഗതയ്ക്കനുസരിച്ച് അവ മാഞ്ഞു കൊണ്ടേയിരുന്നു. യാത്രയ്ക്കിടയിൽ നിരവധി കാറ്റാടി പാടങ്ങളും കണ്ടു.

സ്വന്തം വീട്ടിലേക്കുള്ള യാത്രയ്ക്കിടയിൽ കണ്ടതെല്ലാം ഞങ്ങൾ പരസ്പരം പറഞ്ഞു തുടങ്ങി. ഇനി കാണേണ്ടതും. അവധിക്കാലത്തെ ആനന്ദ യാത്രയുടെ ഓർമ്മകൾ. പുണ്യം ചൊരിയുന്ന വിണ്ണിന്റെ ഓർമ്മകൾ....