2010, ഓഗസ്റ്റ് 11, ബുധനാഴ്‌ച


അക്ഷരം നക്ഷത്രമാക്കാന്‍ പക്ഷിക്കൂട്ടം
നെടുവേലിയിലെ കുട്ടികള്‍ക്ക്‌ സാഹിത്യത്തിനൊരു പരിശീലനക്കളരി.വാക്കും പൊരുളും ചേര്‍ന്നിരിക്കുമ്പോള്‍ അര്‍ത്ഥാന്തരങ്ങള്‍ തുറന്നിടുന്ന സാഹിത്യരാസവിദ്യയുടെ ലോകത്തേയ്‌ക്ക്‌ നെടുവേലി സ്‌കൂളിന്റെ സംഭാവന.ചെലവു കുറഞ്ഞ ലഘുമാസിക എന്ന ആശയത്തിന്റെ സാക്ഷാത്‌ക്കാരമാണ്‌ പക്ഷിക്കൂട്ടം സാഹിത്യമാസിക.വാക്ക്‌ ചുരുക്കി മൂര്‍ച്ചകൂട്ടി ഉപയോഗിക്കാന്‍ ലഘുമാസിക എന്ന ആശയം കുട്ടികളെ സഹായിക്കുന്നുണ്ട്‌.2009 ജൂണില്‍ മലയാള വിഭാഗം
തുടങ്ങിയ പക്ഷിക്കൂട്ടം ഓരോ മാസവും പുതുമകളോടെ ക്‌ളാസ്സ്‌ മുറിയിലെത്തുന്നു.മലയാളം ക്‌ളാസ്സുകളിലെ സജീവപ്രവര്‍ത്തനങ്ങള്‍ കഥയും കവിതയും പുസ്‌തകാസ്വാദനവും ചെറുചിന്തകളുമായി ഒരു പുതിയ പിറവി തേടുന്നു.സ്‌കൂളിലെ ഐ.ടി അടിസ്ഥാന സൗകര്യങ്ങളുപയോഗപ്പെടുത്തിയാണ്‌ ഈ ലഘുമാസിക
പ്രസിദ്ധീകരിക്കുന്നത്‌

2010, ഓഗസ്റ്റ് 10, ചൊവ്വാഴ്ച


ആഴ്‌ചവട്ടത്തിന്‌ ആറു വയസ്സാകുന്നു

രണ്ടായിരത്തി നാല്‌ ആഗസ്‌റ്റ്‌ മാസം മുതലാണ്‌ നെടുവേലി സ്‌കൂളില്‍ സാഹിത്യസമാജത്തിന്റെ ആഴ്‌ചവട്ടം തുടങ്ങിയത്‌.കഥയും കവിതയും കലയും പങ്കുവയ്‌ക്കാന്‍ ഉച്ചയ്‌ക്കൊരു കൂട്ടായ വേദി എന്ന ലക്ഷ്യമായിരുന്നു ഇതിനു പിന്നില്‍.കഴിഞ്ഞ ആറു വര്‍ഷം കൊണ്ട്‌ ആഴ്‌ചവട്ടം നെടുവേലി സ്‌കൂളിന്റെ തനത്‌ പരിപാടിയായി മാറുകയായിരുന്നു.ഓരോ മലയാളം ക്‌ളാസ്സിലും ദിവസേന നടക്കുന്ന ചിന്താവിഷയം,കവിതാലാപനം,പുസ്‌തകാസ്വാദനം എന്നീ പരിപാടികള്‍ക്ക്‌ ക്‌ളാസ്സ്‌ മുറി സ്വഭാവം മാത്രമായതുകൊണ്ടാണ്‌ ആഴ്‌ചവട്ടം മധ്യാഹ്നസദസ്സ്‌്‌ അനിവാര്യമായത്‌.വ്യത്യസ്‌ത പരിപാടികള്‍ക്കു പുറമേ പുസ്‌തകപ്രസാധനം,ലഘുമാസിക,ബ്‌ളോഗ്‌ തുടങ്ങിയ മേഖലകളിലേക്ക്‌്‌്‌്‌ വളര്‍ന്ന്‌്‌്‌ ഈ സമാജം ആറാം വാര്‍ഷികം ആഘോഷിക്കുന്നു.അതിന്റെ ഭാഗമായി മലയാള കവിത 19-ാം നൂറ്റാണ്ടു വരെ എന്ന പരിപാടി (കാവ്യാഞ്‌ജലി) അവതരിപ്പിക്കുന്നു.
2004-മുതല്‍ വെള്ളിയാഴ്‌ചകളില്‍ ഞങ്ങള്‍ അവതരിപ്പിച്ചു വരുന്ന പരിപാടികള്‍-ചിരിയരങ്ങ്‌,കഥയരങ്ങ്‌്‌,നുണയരങ്ങ്‌്‌, കവിതയരങ്ങ്‌്‌്‌,കവിയരങ്ങ്‌്‌,ലഘുനാടകങ്ങള്‍,കാര്‍ട്ടൂണ്‍ പ്രദര്‍ശനം,സംവാദം,സ്വഭാവരൂപീകരണ ക്‌ളാസ്സ്‌്‌്‌,തൊഴില്‍ മാര്‍ഗ്ഗ നിര്‍ദ്ദേശ ക്‌ളാസ്സ്‌,കൃഷ്‌ണ ഗീതി,ആണ്ടു പിറപ്പ്‌്‌ വരേവല്‍ക്കല്‍, പുസ്‌തകപ്രസാധനം,യൂണിഫോം ശേഖരിച്ചു നല്‍കല്‍,ദിനാചരണങ്ങള്‍,പ്രശ്‌നോത്തരി,കുട്ടികളുടെ തുള്ളല്‍ കവിത, മാപ്പിളപ്പാട്ടരങ്ങ്‌.
അക്ഷരസുഗന്ധമുള്ള ഒരു സ്‌കൂള്‍ മുറ്റമാണ്‌ സാഹിത്യസമാജത്തിന്റെ ലക്ഷ്യം.എഴുത്തു വഴികളിലെ കുരുന്നുകള്‍ക്ക്‌ ഒരു കൈത്താങ്ങ്‌.കലയുടെ കേളീരവങ്ങള്‍ക്കൊപ്പം ഒരു മേളപ്പെരുക്കം, പാട്ടിന്റെ പാല്‍മഴയില്‍ ഒരു ചങ്ങാതിക്കൂട്ടം.

2010, ഓഗസ്റ്റ് 3, ചൊവ്വാഴ്ച



കാവും കുളവും തേടിയൊരു യാത്ര


പാടം നമുക്ക്‌ തീര്‍ത്ഥസ്ഥാനം എന്ന്‌ കണ്ണീര്‍പ്പാടത്തില്‍ വൈലോപ്പിള്ളി എഴുതിയിട്ടുണ്ട്‌.കാവ്‌ നമുക്ക്‌ തീര്‍ത്ഥസ്‌നാനം എന്ന്‌ പ്രഖ്യാപിക്കുകയാണ്‌ നെടുവേലിയിലെ കുട്ടികള്‍.പുതിയ ലോകത്തിന്റെ ആരവങ്ങളില്‍ നിന്നകന്ന്‌ നന്നാട്ടുകാവ്‌ പിള്ളയമ്മാച്ചന്‍ കാവ്‌ സന്ദര്‍ശനത്തിനു പോയ കുട്ടികള്‍ പരിസര പഠനത്തിന്റെ പ്രാധാന്യവുംതിരിച്ചറിയുകയായിരുന്നു.കാവിലേയ്‌ക്കുള്ള യാത്ര മഴയ്‌ക്കൊപ്പമായിരുന്നു.കുത്തനെയുള്ള വഴുക്കലുകളില്‍ തെന്നിയാണ്‌ ലക്ഷ്യ സ്ഥാനത്തെത്തിയത്‌.വള്ളിപ്പടര്‍പ്പുകള്‍ നിറഞ്ഞ്‌ പുരാതനമായ അന്തരീക്ഷം.പുതുതായി നിര്‍മ്മിച്ച അമ്പലം മാത്രം കാവിന്റെ സ്വാഭാവികതയില്‍ നിന്നും വേറിട്ടു നില്‍ക്കുന്നു.വറ്റാത്ത ചെറു കുളവും ചോരപ്പാനയും നീര്‍മരുതും ചൂരല്‍പ്പടര്‍പ്പും പേരറിയാത്ത ചെറുചെടികളും ഈ കാവിന്റെ സമ്പത്ത്‌.നാഗരൂട്ടിന്റെ വിശ്വാസം കാവിന്‌ അനുഷ്‌ഠാന സ്വഭാവം നല്‍കുന്നു.കാവെന്ന ജൈവ സമ്പത്തിനെ സംരക്ഷിക്കുന്ന നാട്ടുകാര്‍ കുട്ടികളെ ജൈവ ലോകത്തേയ്‌ക്ക്‌ നിറഞ്ഞ മനസ്സോടെ സ്വാഗതം ചെയ്‌തു.വച്ചുപിടിപ്പിച്ച മരങ്ങളെ സ്വാഗതം ചെയ്യാത്ത കാവിന്റെ ജൈവ പ്രകൃതി ,കാവിന്റെ തനിമയ്‌ക്കു മേല്‍ പരിഷ്‌ക്കാരം കൊണ്ടുവരില്ലെന്ന നാട്ടുകാരുടെ നിശ്ചയം,ആഗോളതാപനത്തിന്റെ ഭീഷണിയില്‍ നിന്നൊഴിഞ്ഞു നില്‍ക്കുന്ന നാട്ടുംപുറം,വറ്റാത്ത ജലനിരപ്പുള്ള സമീപത്തെ കിണറുകള്‍,പിള്ളയമ്മാച്ചന്‍ എന്ന വിശ്വാസത്തെ നെഞ്ചേറ്റുന്ന പരിസരവാസികള്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ കുട്ടികളുമായി അവര്‍ പങ്കുവച്ചു.ചെടികളെ തരം തിരിച്ച്‌ പഠിക്കുന്ന പഠിപ്പിന്റെ ആള്‍ക്കാര്‍ക്കല്ല അവയെ പരിപാലിക്കുന്ന ഗ്രാമമനസ്സിന്റെ നിഷ്‌ക്കളങ്കതയ്‌ക്കാണ്‌ റൈറ്റ്‌ ലവ്‌ലി ഹുഡ്‌ പുരസ്‌ക്കാരവും നോബല്‍സമ്മാനവുമൊക്കെ നല്‍കേണ്ടതെന്ന അവബോധവും ഈ യാത്രയുടെ സംഭാവനയാണ്‌.പരിസ്ഥിതി ക്‌ളബ്ബിന്റെ (ഗ്രീന്‍സ്‌) യും സീഡിന്റെയും പരിസര വിജ്ഞാനപരിപാടിയുടെ ഭാഗമായാണ്‌ ഈ യാത്ര സംഘടിപ്പിച്ചത്‌.