2012, ഒക്‌ടോബർ 17, ബുധനാഴ്‌ച

പഠന ക്ലാസ്സ്‌ / അഭിമുഖം

ബ്രൂസ്‌ പെറ്റിയോടൊപ്പം ഒരു ദിവസം
ജിഷ്‌ണു.ജെ.ബി -പത്ത്‌.ബി












        ഞാനും ഭൗമിക്കും രജിത്തും അനന്തനും ശനിയാഴ്‌ച രാവിലെ (സെപ്‌തംബര്‍ 22 ) കനകക്കുന്ന്‌ കൊട്ടാരത്തിലെത്താന്‍ തീരുമാനിച്ചു.പി.എം.ജി യില്‍ മീരടീച്ചര്‍ കാത്തു നിന്നിരുന്നു.അനിമേഷന്‍ - കാര്‍ട്ടൂണ്‍ എന്നിവയില്‍ കുട്ടികളുടെ താല്‍പര്യം വളര്‍ത്താന്‍ നടത്തിയ ഒരു പരിപാടിയില്‍ പങ്കെടുക്കലാണ്‌ ഞങ്ങളുടെ ലക്ഷ്യം.പത്ത്‌ മുപ്പതിന്‌ ഐ.ടി @ സ്‌കൂള്‍ ഡയറക്‌ടര്‍ ശ്രീ.അബ്‌ദുള്‍ നാസര്‍ കയ്‌പഞ്ചേരി ഉദ്‌ഘാടനം നിര്‍വഹിച്ചു. ഐ.ടി @ സ്‌കൂളിന്റെ നേതൃത്ത്വത്തിലാണ്‌ പരിപാടി നടത്തുന്നത്‌.
        മാതൃഭൂമി ദിനപത്രത്തിലെ കാര്‍ട്ടൂണിസ്റ്റ്‌ കൃഷ്‌ണന്‍ സാറിന്റെ വകയായിരുന്നു ആദ്യ ക്ലാസ്സ്‌.ആളല്‌പം രസികനാണ്‌.ക്ലാസ്സ്‌ തുടങ്ങിയത്‌ ഹൃദയത്തില്‍ അമ്പു കൊള്ളുന്ന പ്രസിദ്ധമായ ചിത്രത്തോടു കൂടി.പിന്നെ നേരെ ചാടി എമര്‍ജിംങ്‌ കേരളയിലേക്ക്‌.ആദ്യം പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗിന്റെ ചിത്രം വരച്ചു.തുടര്‍ന്ന്‌ വി.എസ്‌ അച്യുതാനന്ദന്‍,ഉമ്മന്‍ചാണ്ടി അങ്ങനെ പോകുന്നു.അപ്പോള്‍ കീലൈനിനെപ്പറ്റി പറഞ്ഞു.ചിത്രകാരന്‍ നല്ല വീക്ഷണം ഉള്ള ആളാകണം.മുഖം,ശരീരം എന്നിവയ്‌ക്ക്‌ ഒരു പ്രത്യേക ആകൃതി കാണും.അത്‌ വരയ്‌ക്കുന്നതാണ്‌ കീലൈന്‍.പിന്നെ കമന്റ്‌,കാര്‍ട്ടൂണിനു ചേര്‍ന്ന കമന്റ്‌.അതിന്‌ വിഷയത്തെപ്പറ്റി നല്ല അറിവ്‌ ആവശ്യമാണ്‌.പെട്ടെന്നു തീര്‍ന്നു ആ രണ്ടു മണിക്കൂര്‍.സംസ്ഥാന തലത്തില്‍ നടന്ന അനിമേഷന്‍ മത്സരത്തിന്റെ സമ്മാന വിതരണമായിരുന്നു അടുത്തത്‌.കൂട്ടുകാരുടെ ചിത്രങ്ങള്‍ അതിഗംഭീരമായിരുന്നു.പത്തനംതിട്ടക്കാരനായ പത്താം ക്ലാസ്സുകാരന്‍ സച്ചിന്റെ ചിത്രമാണ്‌ 'വാട്ടര്‍ബോംബ്‌'.മുല്ലപ്പെരിയാര്‍ പ്രശ്‌നം തീവ്രതയോടെ ആവിഷ്‌ക്കരിച്ചിരിക്കുന്നു.ഉച്ചക്കുശേഷം കാര്‍ട്ടൂണിന്റെ ചരിത്രത്തെപ്പറ്റി ഡി.പി.ഐ ഷാജഹാന്‍ സാര്‍ സംസാരിച്ചു.
ഞങ്ങള്‍ ആകാംഷയോടെ കാത്തിരുന്ന ലോകപ്രശസ്‌ത കാര്‍ട്ടൂണിസ്റ്റും അനിമേഷന്‍ സിനിമയുടെ ആചാര്യനും ഓസ്‌ക്കാര്‍ അവാര്‍ഡ്‌ ജേതാവുമായ 'ബ്രൂസ്‌പെറ്റി' കടന്നുവന്നു.അസ്‌ട്രേലിയക്കാരന്‍,എണ്‍പത്തിരണ്ട്‌ വയസ്സായി.പക്ഷേ അളിപ്പോഴും പതിനെട്ട്‌ വയസ്സിന്റെ ചുറുചുറുക്കില്‍.വരകളില്‍ നിന്നും കുറികളില്‍ നിന്നും തുടങ്ങി ഏതുവരെപ്പോയെന്ന്‌ ഒരു പിടിയും ഇല്ല.ഇടയ്‌ക്ക്‌ തമാശകള്‍ പറഞ്ഞും വരച്ചും എല്ലാവരെയും അങ്കിള്‍ ബ്രൂസ്‌ രസിപ്പിച്ചു.കുട്ടികളെയെല്ലാം നിമിഷനേരം കൊണ്ടാണ്‌ അങ്കിള്‍ ബ്രൂസ്‌ കൈയ്യിലെടുത്തത്‌.അഹങ്കാരമില്ലാത്ത ആ പച്ചയായ മനുഷ്യനോട്‌ വല്ലാത്ത ആരാധന തോന്നി.
വൈകുന്നേരം അഞ്ച്‌ മണിക്ക്‌ ക്ലാസ്സ്‌ അവസാനിച്ചു.അങ്കിള്‍ ബ്രൂസിന്റെ ഓട്ടോഗ്രാഫിനായി കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ നിരന്നു.ഓട്ടോഗ്രാഫ്‌ ചോദിക്കുന്ന ആളിന്റെ ചിത്രവും ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ എന്ന വാക്യവും ഒപ്പുമാണ്‌ അങ്കിള്‍ ബ്രൂസിന്റെ ഓട്ടോഗ്രാഫ്‌.ക്ഷമയോടെ അദ്ദേഹം എല്ലാവര്‍ക്കും ഓട്ടോഗ്രാഫ്‌ നല്‍കി.അവസാനത്തെ നാലുപേരായിരുന്നു ഞങ്ങള്‍.ഞങ്ങള്‍ കുറെ ചോദ്യം ചോദിച്ചു.മണിമണിയായി ഉത്തരങ്ങള്‍ കിട്ടി.ഭൗമിക്കിനാണ്‌ ചോദ്യങ്ങള്‍ കൂടുതല്‍.അദ്ദേഹവുമായി ഭൗമിക്ക്‌ നല്ല ഒരു ബന്ധം സ്ഥാപിച്ചു.കാര്‍ട്ടൂണും ക്രിക്കറ്റും അവര്‍ ചര്‍ച്ചചെയ്‌തു.അദ്ദേഹത്തിന്റെ വീടിന്റെ ചിത്രം ഭൗമിക്ക്‌ ആവശ്യപ്പെട്ടു.പെട്ടെന്ന്‌ അത്‌ വരച്ചു നല്‍കി.അനന്തന്‌ അത്‌ കണ്ട്‌ അദ്ദേഹത്തിന്റെ വീട്ടിലെ പൂന്തോട്ടം വരയ്‌ക്കണം.അങ്ങനെ ചോദിച്ച ചിത്രങ്ങള്‍ വരച്ചു നല്‍കി.അദ്ദേഹത്തിന്റെ ക്ഷമ ഞങ്ങള്‍ക്കിഷ്‌ടപ്പെട്ടു.ഒരു ചിത്രകാരന്‌ വേണ്ട പ്രഥമ ഗുണമാണത്‌.മനസ്സില്ലാതെയാണ്‌ ഞങ്ങള്‍ അദ്ദേഹേേത്താട്‌ വിട പറഞ്ഞത്‌.ഭൗമിക്ക്‌ ഇതിനിടയില്‍ എവിടെ നിന്നോ സംഘടിപ്പിച്ച ഒരു സുന്ദരന്‍ പൂവ്‌ സ്‌നേഹത്തോടെ നല്‍കി.ലോകപ്രശസ്‌തനായ മഹാനായ ആ വ്യക്തിത്വത്തെ പരിചയപ്പെടാന്‍ കഴിഞ്ഞത്‌ മഹാഭാഗ്യമായി ഞങ്ങള്‍ കരുതുന്നു.അവസരം ഒരുക്കിത്തന്ന ഐ.ടി @ സ്‌കൂളിനോട്‌ ഏറെ കടപ്പെട്ടിരിക്കുന്നു.