2013, ജൂലൈ 10, ബുധനാഴ്‌ച

പരിസ്ഥിതി

ദേവവൃക്ഷങ്ങളുമായി നെടുവേലിയിലെ 
കുട്ടികള്‍ കാവിലെത്തി

കാവുകള്‍ പ്രകൃതിക്ക് കാവലാണെന്ന സന്ദേശമുള്‍ക്കൊണ്ട് നെടുവേലി സര്‍ക്കാര്‍ വിദ്യാലയത്തിലെ ഗ്രീന്‍സ് പരിസ്ഥിതി സീഡ് പ്രവര്‍ത്തകര്‍ കൊഞ്ചിറ മുടിപ്പുര ദേവീക്ഷേത്രത്തിലെ കാവില്‍ നട്ടുവളര്‍ത്തുന്നതിന് ദേവവൃക്ഷങ്ങള്‍ ക്ഷേത്രഭാരവാഹികള്‍ക്ക് കൈമാറി.ചന്ദനം,കൂവളം,രുദ്രാക്ഷം തുടങ്ങിയ വൃക്ഷങ്ങള്‍ ക്ഷേത്രസന്നിധിയില്‍ വച്ച് ട്രസ്റ്റ് പ്രസിഡന്റ് ജയകുമാര്‍ഏറ്റുവാങ്ങി.മേല്‍ശാന്തിഗംഗാധരന്‍പോറ്റി,
ഗോപാലകൃഷ്ണന്‍നായര്‍,മോഹനന്‍നായര്‍,ബാലചന്ദ്രന്‍നായര്‍,കോയിപ്പുറം സുരേന്ദ്രന്‍,സീഡ്കോഡിനേറ്റര്‍ ഒ.ബിന്ദു,വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


2013, ജൂലൈ 1, തിങ്കളാഴ്‌ച

ലഹരിവിരുദ്ധ ദിനം

ലഹരിക്കെതിരെ നെടുവേലിയിലെ കുട്ടികള്‍

മയക്കു മരുന്നിന്റെ വിഷജ്വാലയില്‍ കത്തിയമരുന്ന മനുഷ്യസമൂഹത്തെ ഉണര്‍ത്താന്‍ 'ലഹരിക്കെതിരെ പുതിയ വെളിച്ചം പുതിയ സമൂഹം' എന്ന സന്ദേശവുമായി നെടുവേലി സര്‍ക്കാര്‍ വിദ്യാലയത്തിലെ കുട്ടികള്‍ ജന മധ്യത്തിലെത്തി.കന്യാകുളങ്ങര ഗവ.ആശുപത്രി ജംഗ്ഷനില്‍ നിന്നും ആരംഭിച്ച ലഹരി വിരുദ്ധ റാലി കന്യാകുളങ്ങര ജംഗ്ഷന്‍,കുണ്ടയത്തു നട,നെടുവേലി കവല വഴി സ്കൂളിലെത്തി.മദ്യത്തിനും മയക്കുമരുന്നിനുമെതിരെയുള്ള സന്ദേശങ്ങളടങ്ങിയ പ്രദര്‍ശന ഫലകങ്ങളുമായി ഇരുന്നൂറിലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.കന്യാകുളങ്ങര ഗവ.ആശുപത്രിയിലെ ചീഫ് ഫിസിഷ്യന്‍ ഡോ.നിര്‍മ്മല റാലി ഫ്ലാഗ്ഓഫ് ചെയ്തു.സ്കൂള്‍ഹെല്‍ത്ത് ക്ലബ്ബ് സംഘടിപ്പിച്ച റാലിയില്‍ കണ്‍വീനര്‍ റോബിന്‍സ് രാജ്,ഹെഡ്മിസ്ട്രസ്സ് എസ്.ഉഷാദേവി,എസ്.എം.സി ചെയര്‍മാന്‍ നുജൂം,വാര്‍ഡ് മെമ്പര്‍ ഗോപിപ്പിള്ള, സീഡ് കണ്‍വീനര്‍ ഒ.ബിന്ദു,അദ്ധ്യാപകര്‍,സ്കൂള്‍ ബാന്റ് സംഘം എന്നിവര്‍ പങ്കെടുത്തു.





വായനാദിനം

വിരുന്നൊരുക്കാന്‍ പുതിയപുസ്തകങ്ങള്‍

പുതിയ പുസ്തകങ്ങളുടെ പ്രദര്‍ശനമൊരുക്കി നെടുവേലി സര്‍ക്കാര്‍ വിദ്യാലയത്തില്‍ വായനാദിനാചരണം നടന്നു.ചെറുകഥ,നോവല്‍,ബാലസാഹിത്യം,ശാസ്ത്രം,ചരിത്രം,ഗണിതം എന്നീ വിഭാഗങ്ങളിലായി ആയിരത്തോളം പുസ്തകങ്ങളാണ് പ്രദര്‍ശിപ്പിച്ചത്.സ്കൂള്‍ സാഹിത്യസമാജം എല്ലാ മാസവും അച്ചടിച്ച് പ്രസിദ്ധീകരിക്കുന്ന പക്ഷിക്കൂട്ടം മാസികയുടെ ജൂണ്‍ ലക്കം പ്രകാശനം ചെയ്തുകൊണ്ട് ഹെഡ്മിസ്ട്രസ്സ് എസ്.ഉഷാദേവി പുസ്തകപ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.കഴിഞ്ഞ നാലുവര്‍ഷമായി പ്രസിദ്ധീകരിച്ചു വരുന്ന സാഹിത്യമാസികയുടെ വാര്‍ഷികപ്പതിപ്പ് സീനിയര്‍ അദ്ധ്യാപകന്‍ റോബിന്‍സ് രാജ് പ്രകാശനം ചെയ്തു.തുടര്‍ന്ന് പുസ്തകാസ്വാദന മത്സരം നടന്നു.