2016, ജനുവരി 28, വ്യാഴാഴ്‌ച

സെമിനാര്‍

നെടുവേലി സ്കൂളില്‍ ഊര്‍ജ്ജസംരക്ഷണ
സെമിനാറും പ്രദര്‍ശനവും


വരും കാലത്തിന് വെളിച്ചം പകരാന്‍ ഊര്‍ജ്ജസംരക്ഷണത്തിന്റെ പുതിയ പാഠങ്ങള്‍ക്ക് കവാടം തുറന്ന് നെടുവേലി സ്കൂളിലെ സീഡ് ക്ലബ്ബും കേരള എനര്‍ജി മാനേജ്മെന്റ് സെന്ററും സംയുക്തമായി ഊര്‍ജ്ജസംരക്ഷണ സെമിനാറും പ്രദര്‍ശനവും സംഘടിപ്പിച്ചു.സ്കൂളിലെ ആയിരത്തോളം കുട്ടികളിലൂടെ അവരുടെ കുടുംബങ്ങളിലും സ്കൂള്‍ സ്ഥിതി ചെയ്യുന്ന നെടുവേലി വാര്‍ഡിലും ഊര്‍ജ്ജസംരക്ഷണ സന്ദേശങ്ങള്‍ എത്തിക്കുക എന്നതാണ് ബോധവല്‍ക്കരണ സെമിനാറിന്റെ പ്രധാന ലക്ഷ്യം.നെടുവേലി വാര്‍ഡിലെ കുടുംബശ്രീ യൂണിറ്റുകളെ പ്രതിനിധീകരിച്ച് അമ്പതോളം വനിതാ പ്രതിനിധികള്‍ പങ്കെടുത്തു.പരിസ്ഥിതി ക്ലബ്ബ് ഈ വര്‍ഷത്തെ മാസ്റ്റര്‍ പ്രോജക്ടായി തയ്യാറാക്കിയ പതിനഞ്ചോളം വര്‍ക്കിംങ് ,സ്റ്റില്‍ മോഡല്‍ പ്രോജക്ടുകള്‍ പ്രദര്‍ശനമേളയിലെ പ്രധാന ഇനമായിരുന്നു.ഊര്‍ജ്ജസംരക്ഷണത്തിന്റെഎളുപ്പവഴികള്‍,വരുംകാലത്തിന്റെഊര്‍ജ്ജസാധ്യതകള്‍ ,ഊര്‍ജ്ജക്കൊയ്ത്ത്,  പൊന്നിനൊപ്പം പൊരിവെയില്‍ തുടങ്ങി നിത്യജീവിതത്തില്‍ ഊര്‍ജ്ജലാഭത്തിന്റെ അറിയാവഴികളെ ചൂണ്ടിക്കാട്ടുന്നവയായിരുന്നു കുട്ടികളുടെ പഠനപ്രോജക്ടുകള്‍.ഇതോടൊപ്പം ഊര്‍ജ്ജവിനിയോഗത്തിന്റെ ശാസ്ത്രീയവും പ്രയോഗികവുമായ തലങ്ങള്‍ വിശദീകരിച്ചുകൊണ്ട് എനര്‍ജിമാനേജ്മെന്റ് സെന്ററും വിപുലമായ സ്റ്റാള്‍ ഒരുക്കിയിരുന്നു.പാഠ്യവസ്തുതകള്‍ ക്ലാസ്സ് മുറിയില്‍ നിന്നും സമൂഹത്തിന് പ്രയോജനകരമായി മാറ്റുക എന്നതായിരുന്നു സീഡിന്റെ ലക്ഷ്യം.
സ്കൂളില്‍ നടന്ന സെമിനാറില്‍ വെമ്പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്ബി.എസ്.ചിത്രലേഖ ഉദ്ഘാടനം നിര്‍വഹിച്ചു.ചിത്രരചനാ മത്സര വിജയികള്‍ക്ക് ബ്ലോക്ക് മെമ്പര്‍ രാജേഷ് സമ്മാനം നല്‍കി.ഇലക്ട്രിസിറ്റി ബോര്‍ഡ് അസിസ്റ്റന്റ് എഞ്ചിനീയര്‍ എസ്.അനൂപ് ബോധവല്‍ക്കരണ ക്ലാസ്സ് നയിച്ചു. പി.ടി.എ പ്രസിഡന്റ്ഗോപിപ്പിള്ള,എസ്.എംസി ചെയര്‍മാന്‍ ജയകുമാര്‍,വാര്‍ഡ് മെമ്പര്‍ സന്ധ്യ,സീഡ് കോഡിനേറ്റര്‍ ഒ.ബിന്ദു എന്നിവര്‍ സംസാരിച്ചു.പ്രിന്‍സിപ്പാള്‍ ഷെറീന സ്വാഗതവും ഹെഡ്മിസ്ട്രസ്സ് ജയശ്രീ നന്ദിയും പറഞ്ഞു.










യാത്ര



കടല്‍ത്തീരങ്ങളിലൂടെ.........



നെടുവേലി സ്കൂളിലെ ചരിത്ര ക്ലബ്ബ് ഇക്കുറി കുട്ടികള്‍ക്കായി പുതിയൊരു പഠനപാതയൊരുക്കി.തിരുവനന്തപുരം ജില്ലയിലെ കടല്‍ത്തീരങ്ങളിലൂടെ ഒരു യാത്ര.കടലറിവും കരയറിവും നാട്ടറിവും ലക്ഷ്യമിട്ട സഞ്ചാരം ജനുവരി 16 ശനിയാഴ്ചയാണ് നടന്നത്.വിഴിഞ്ഞം തീരത്തു നിന്ന് യാത്ര തുടങ്ങി.തുറമുഖമായി മുഖം മാറുന്ന വിഴിഞ്ഞം കുട്ടിള്‍ക്ക് ഒരു നവ്യാനുഭവം നല്‍കി.വിഴിഞ്ഞത്തെ കപ്പലും തുറുഖ നിര്‍മ്മാണവും അക്വേറിയത്തിലെ ആഴക്കടല്‍ മത്സ്യങ്ങളും കണ്ട് കൂട്ടു ചേര്‍ന്ന് കപ്പലിനു മുന്നില്‍ ഒരു ഫോട്ടോ പോസ്.

കോവളത്തെ കടല്‍ത്തീരം കുട്ടികള്‍ക്ക് വിരുന്നൊരുക്കി.കടല്‍ത്തിര ചുംബിച്ചപ്പോള്‍ അവര്‍ മുത്തുച്ചിപ്പികളായി.തുടര്‍ന്ന് ശംഖും മുഖം കണ്ട് വേളിയില്‍.തണലില്‍ ഉച്ചഭക്ഷണം.ചുറ്റി നടന്ന് കാണാന്‍ ചന്തമുള്ള പ്രകൃതി കാഴ്ചകള്‍.പൊങ്ങും പാലത്തിലൂടെ അക്കരയ്ക്ക് ഒരു ചെറു യാത്ര.ഇടയ്ക്ക് അല്പം ഷോപ്പിംങ്.രണ്ടരയ്ക്ക് വീണ്ടും യാത്ര.ഇനി അഞ്ചു തെങ്ങ് കോട്ടയിലേക്ക്.ബ്രിട്ടീഷുകാരന്റെ ആദ്യ കോട്ട.ചരിത്രത്തിന്റെ ഇരുണ്ട ഗുഹയിലെ നിശ്ശബ്ദതപോലെ ഒരു കാവല്‍ക്കാരന്‍.കലാപത്തിന്റെ ചോരപ്പാടുകള്‍ വീണ പുറത്തളങ്ങള്‍ ഇന്ന് ജനവാസകേന്ദ്രങ്ങള്‍.അവിടെ നിന്ന് ദീപസ്തംഭം കാണാനെത്തി.മഹാശ്ചര്യം.വിദൂരക്കാഴ്ചകളുടെ വിസ്മയം.ഉയരങ്ങളില്‍ നിന്നുള്ള ഭൂമിക്കാഴ്ചകള്‍ ഉദ്യോഗസ്ഥന്‍ സുരേന്ദ്രന്‍ സാര്‍ വിസ്തരിച്ചു.ആകാശം തൊട്ട് ഒരു ഭൂമി നോട്ടം കുട്ടികളെ വല്ലാതെ രസിപ്പിച്ചു.


ഇനി മുതലപ്പൊഴിയിലേക്ക്.അനന്തപുരിയുടെ പുതിയ കടല്‍ത്തീരം പെരുമാതുറ.കടല്‍പ്പാലത്തില്‍ നിന്നുള്ള സാഗരക്കാഴ്ചകള്‍ ഗംഭീരം.ഇരു പുറവും പ്രകൃതിയുടെ ജലക്കാഴ്ചകള്‍.അസ്തമയം സുവര്‍ണ്ണാനുഭവം.
നേരം ആറ് മണി.സൂര്യന്‍ യാത്ര ചോദിച്ചു.കുട്ടികള്‍ കൈവീശി.മടക്കയാത്രയ്ക്ക് സാരഥി വിക്രമയണ്ണന്‍ രഥം സ്റ്റാര്‍ട്ടാക്കി.ഇനി തിരികെ പ്രിയപ്പെട്ട സ്കൂളിലേക്ക് .....വീട്ടിലേക്ക് .






റിപ്പബ്ളിക് ദിനം


2016, ജനുവരി 25, തിങ്കളാഴ്‌ച

കാര്‍ഷികം


നെല്‍ക്കതിര്‍ കൊയ്യാന്‍ നെടുവേലി സ്കൂളിലെ കുട്ടികളും




വെമ്പായം-കൊഞ്ചിറ കുണ്ടയത്തു നട പാടശേഖര സമിതിയുടെ അഞ്ച് ഹെക്ടര്‍ നെല്‍കൃഷി വിളവെടുപ്പുത്സവത്തിന്റെ ഭാഗമായി നെടുവേലി സ്കൂളിലെ പരിസ്ഥിതി സീഡ് ക്ലബ്ബ് അംഗങ്ങളും നാട്ടുകാര്‍ക്കൊപ്പം കൊയ്ത്തിറങ്ങി.വെമ്പായം കൃഷി ഓഫീസര്‍ എ.എന്‍ ഷൈജു നെല്‍കൃഷി പരിപാലന മുറകളെക്കുറിച്ച് കുട്ടികള്‍ക്ക് ക്ലാസ്സ് നല്‍കി.തുടര്‍ന്ന് കൊയ്ത്തു പാട്ടിന്റെ വായ്ത്താരിയുമായി കുട്ടികള്‍ അരിവാളേന്തി കൊയ്തു തുടങ്ങി.കൊഞ്ചിറ വാര്‍ഡ് മെമ്പര്‍ നജ്മ,പാടശേഖര കമ്മിറ്റി പ്രസിഡന്റ് തുളസീധരന്‍ നായര്‍,സെക്രട്ടറി സുകുമാരന്‍ നായര്‍,ശശിധരന്‍ നായര്‍,ഭുവനചന്ദ്രന്‍ നായര്‍,സീഡ് കോഡിനേറ്റര്‍ ബിന്ദുടീച്ചര്‍ തുടങ്ങിയവര്‍ കുട്ടികള്‍ക്കൊപ്പം കൊയ്ത്തില്‍ പങ്കെടുത്തു.



















2016, ജനുവരി 5, ചൊവ്വാഴ്ച

നാടകം


സീഡിന്റെ സന്ദേശവുമായ് 
നെടുവേലി സ്കൂളിന്റെ ശാസ്ത്ര നാടകം



പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തിന്റെ തനതു മാതൃകയായി മാറിയ മാതൃഭൂമി സീഡിന്റെ സന്ദേശങ്ങളെ പശ്ചാത്തലമാക്കി നെടുവേലി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ഒരു തൈ നടാം എന്ന ശാസ്ത്ര നാടകത്തിന് ഉപജില്ലാ ശാസ്ത്രമേളയില്‍ രണ്ടാം സ്ഥാനം ലഭിച്ചു.മനുഷ്യന്‍ തകര്‍ക്കുന്ന പ്രകൃതി, പ്രതികരണത്തിന്റെ തീ നാവുമായി കടന്നു വരുന്നത്കഥാപാത്രങ്ങളായ കാക്ക,കൊറ്റി,വേഴാമ്പല്‍,ശലഭം,സര്‍പ്പം എന്നിവരിലൂടെയാണ്.വൃക്ഷസംരക്ഷണം,പരിസ്ഥിതി മലിനീകരണം,മണ്ണ് സംരക്ഷണം,ജലസംരക്ഷണം,കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ പരിസ്ഥിതി വിഷയങ്ങള്‍ നാടകം ചര്‍ച്ച ചെയ്യുന്നു.മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ മലമുഴക്കി വേഴാമ്പലിലൂടെ പ്രകൃതിയുടെ കാവലാളായി മാറിയ എന്‍.എ നസീര്‍,സര്‍പ്പ സംരക്ഷകന്‍ വാവ സുരേഷ് എന്നിവരെയും ഈ നാടകത്തിലെ കഥാപാത്രങ്ങളായി ചിത്രീകരിച്ചിട്ടുണ്ട്.സീഡിന്റെ വേദികളില്‍ മധുര ഗീതമായി മാറിയ ഒരു തൈനടാം എന്ന ഗാനമാണ് നാടകത്തിന് ശീര്‍ഷക ഗാനം.പരിസ്ഥിതി സംരക്ഷണം ലക്ഷ്യമാക്കി വിവിധ വേദികളിലും തെരുവു നാടകമായും നാടകം സീഡ് പ്രവര്‍ത്തകര്‍ അവതരിപ്പിച്ചു വരുന്നു.


ഈ നാടകം സീഡ് പ്രവര്‍ത്തകര്‍ അവതരിപ്പിച്ചു വരുന്നു.

വാര്‍ത്ത


മാതൃഭൂമി
പറയുന്നു..........