2010, നവംബർ 9, ചൊവ്വാഴ്ച

ബോധവല്‍ക്കരണ ക്ലാസ്സ്‌


ദന്തസംരക്ഷണം; ബോധവല്‍ക്കരണ ക്ലാസ്സ്‌
സ്‌കൂള്‍ ഹെല്‍ത്ത്‌ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വട്ടപ്പാറ പി..എം.എസ്‌ ഡെന്റല്‍ കോളേജിലെ ഡോ.നിതിന്‍.കെ.ബാബു 'ദന്തസംരക്ഷണം -കുട്ടികളില്‍' എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ ക്ലാസ്സ്‌ നയിച്ചു.
സൗന്ദര്യത്തെയും ആരോഗ്യത്തെയും രൂപപ്പെടുത്തുന്നതില്‍ ദന്തങ്ങള്‍ പ്രധാന പങ്ക്‌ വഹിക്കുന്നു.ദന്തസംരക്ഷണത്തിലെ അശ്രദ്ധ മറ്റു രോഗങ്ങള്‍ക്കും ഇടയാകാറുണ്ട്‌.ദന്തക്ഷയം നിസ്സാരമായി തള്ളാതെ ചികിത്സിക്കേണ്ടതാണെന്ന്‌ ഡോക്‌ടര്‍ അഭിപ്രായപ്പെട്ടു.
ദന്തങ്ങള്‍ സംരക്ഷിക്കുന്നതില്‍ ദിനചര്യയ്‌ക്ക്‌ വലിയ പ്രസക്തിയുണ്ട്‌.ദിവസം രണ്ടു നേരം പല്ല്‌ ശുചിയാക്കണം.രാവിലെയും രാത്രി ആഹാരത്തിനു ശേഷവും.മുടങ്ങാതെ ഈ ചര്യ പുലര്‍ത്തണം.ചെറിയ പ്രായത്തില്‍ തന്നെ പല്ലുകള്‍ വൃത്തിയാക്കുന്ന ശീലം വളര്‍ത്തിയെടുക്കണം.മധുരപലഹാരങ്ങളുടെ അനിയന്ത്രിതമായ ഉപയോഗം,കോളകളുടെയും മറ്റും ഉപയോഗം എന്നിവ ദന്തക്ഷയത്തിനു കാരണമാകുന്നു.പാല്‍പ്പല്ലുകള്‍,സ്ഥിരദന്തങ്ങള്‍ എന്നിവയെപ്പറ്റി വിശദീകരിച്ചു.പാല്‍പ്പല്ലുകളുടെ സംരക്ഷണവും പ്രാധാന്യമര്‍ഹിക്കുന്നു എന്നദ്ദേഹം വ്യക്തമാക്കി.
മനുഷ്യശരീരത്തില്‍ ദന്തങ്ങളുടെ പ്രാധാന്യം വ്യക്തമാക്കുന്ന സ്ലൈഡ്‌ ഷോ പ്രദര്‍ശിപ്പിച്ചു കൊണ്ടാണ്‌ ക്ലാസ്സ്‌ ആരംഭിച്ചത്‌.പല്ല്‌ ബ്രഷ്‌ ചെയ്യുന്ന വിധം മോഡല്‍ ഉപയോഗിച്ച്‌ പ്രദര്‍ശിപ്പിച്ചു.കുട്ടികളുടെ സംശയങ്ങള്‍ക്ക്‌ മറുപടി നല്‍കി.ഹെല്‍ത്ത്‌ ക്ലബ്ബ്‌ സെക്രട്ടറി സുജ.എല്‍.എസ്‌ നന്ദി പറഞ്ഞു.

2010, നവംബർ 8, തിങ്കളാഴ്‌ച

കൗണ്‍സിലിങ്‌


ഉണര്‍ന്നിരിക്കണം ;എപ്പോഴും എവിടെയും

നെടുവേലി: എപ്പോഴും എവിടെയും ഉണര്‍ന്നിരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്‌ ഭാരതീയരെ സ്വാമി വിവേകാനന്ദന്‍ ഉദ്‌ബോധിപ്പിച്ചിരുന്നു.പുതു തലമുറയിലെ കുട്ടികളില്‍ ഈ ആവശ്യകതാബോധം ജനിപ്പിക്കാനാണ്‌ കൗണ്‍സിലിംഗ്‌ വിദഗ്‌ദ്ധന്‍ ഡോ.മധുജന്‍ 'ഉണര്‍വ്‌' ക്ലാസ്സ്‌ വഴി ശ്രമിച്ചത്‌.എസ്‌.എസ്‌.എല്‍.സി കുട്ടികളെ മാനസികമായി സജ്ജരാക്കുക എന്ന സ്‌കൂള്‍ പി.ടി.എ യുടെ തീരുമാനപ്രകാരമാണ്‌ ക്ലാസ്സ്‌ സംഘടിപ്പിച്ചത്‌.
ആഗ്രഹമാണ്‌ നമ്മുടെ ശത്രു.ആഗ്രഹം നമ്മെ മടുപ്പിക്കും.ആവശ്യകതയാണ്‌ നമുക്കു വേണ്ടത്‌.അത്‌ നമ്മെ ഉണര്‍ത്തും.വ്‌ഷയങ്ങള്‍ അദ്ധ്യാപകരില്‍ നിന്ന്‌ ഏറ്റുവാങ്ങണം.ഇതിനായി മനസ്സിനെ സ്വയം പരുവപ്പെടുത്തണം.ഞായറാഴ്‌ചകളില്‍ മനസ്സിന്‌ സ്വയം അയുകൊടുക്കണം.
സിനിമാ ഗാനത്തിലെ പ്രയാസമുള്ള പദങ്ങള്‍ നമ്മളോര്‍ക്കും.കവിതയിലാകുമ്പോള്‍ താല്‌പര്യം കുറയുന്നു.ഓര്‍മ്മ വരില്ല.തലച്ചോറില്‍ രേഖപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുമ്പോഴുണ്ടാകുന്ന ഭവിഷ്യത്തുകള്‍ അദ്ദേഹം സൂചിപ്പിച്ചു.ഹോട്ടലുകളില്‍ നിന്ന്‌ ഉപയോഗശൂന്യമായി കളയുന്ന എണ്ണ ശേഖരിച്ച്‌, ആ എണ്ണയില്‍ വറുക്കുന്ന പാക്കാണ്‌ പല പേരുകളില്‍ കടകളില്‍ വില്‍ക്കാന്‍ വച്ചിരിക്കുന്നത്‌.ഇത്തരം സാധനങ്ങള്‍ ഉപയോഗിക്കുന്നവരെ പ്രത്യാഘാതങ്ങളെക്കുറിച്ച്‌ ബോധവല്‍ക്കരിക്കണമെന്ന്‌ അദ്ദേഹം നിര്‍ദ്ദേശിച്ചു.
പ്രഭാഷണത്തിനു ശേഷം കുട്ടികളുമായി അദ്ദേഹം സംവദിച്ചു.ആഷിക്‌ മുഹമ്മദ്‌ 10.സി,ആര്യ 10.സി,സുജ 10.ബി,വിഷ്‌ണു.വി.നായര്‍ ,നീരജ10.എ എന്നീ കുട്ടികള്‍ സംശയങ്ങള്‍ പങ്കുവച്ചു.പ്രിന്‍സിപ്പല്‍ എസ്‌.ജയശ്രീ സ്വാഗതവും ഹെഡ്‌മിസ്‌ട്രസ്സ്‌ പ്രസന്നകുമാരി നന്ദിയും പറഞ്ഞു.

ഗാന്ധിജയന്തി


സേവനം;സ്വയം പാചകവും

ഇടിവെട്ടി മലയിടുക്കിലെ തുറന്ന പാചകശാല 'ടോട്ടോച്ചാന്‍' എന്ന നോവലിലെ സുഖമുള്ള അനുഭവമാണ്‌.ഈ അനുഭവം യാഥാര്‍ത്ഥ്യമാക്കുകയാണ്‌ ഓരോ ഒക്‌ടോബറിലെ ഗാന്ധിജയന്തി ദിനത്തിലും നെടുവേലി സ്‌കൂള്‍.
കൂട്ടായ്‌മയുടെ തുറസ്സായ പാചകപ്പുര എന്ന സങ്കല്‌പം സേവനദിനത്തിന്റെ ഭാഗമായി
ഈ പള്ളിക്കൂടത്തില്‍ യാഥാര്‍ത്ഥ്യമാകുമ്പോള്‍ മനസ്സുകൊണ്ട്‌ കൊച്ചുടോട്ടായുടെ റ്റോമോ സ്‌കൂളിനെ ഓര്‍ക്കും.പള്ളിക്കൂടവും പരിസരവും ഉച്ചയോടെ വൃത്തിയാക്കുന്ന കുട്ടികളെ കാത്ത്‌ കൂട്ടുകാര്‍ തയ്യാറാക്കുന്ന ഭക്ഷണമുണ്ട്‌.പുഴുങ്ങിയ കപ്പയും മുളകുടച്ചതും ചമ്മന്തിയും ഓരോ ക്ലാസ്സും ഒത്തിരുന്ന്‌ കഴിക്കും.പാചകത്തിനാവശ്യമായ സാധനങ്ങള്‍ ഒരുക്കുന്നത്‌ മുതല്‍ ആഹാരം കഴിഞ്ഞ്‌ ക്ലാസ്സ്‌ മുറി വൃത്തിയാക്കുന്നതുവരെ നീളുന്ന പ്രക്രിയയാണത്‌.ഓരോ ക്ലാസ്സിലും കയറിയിറങ്ങി ആഹാരം രുചിക്കുക അദ്ധ്യാപകരുടെ ചുമതലയാണ്‌.ഒക്‌ടോബര്‍ സേവനത്തിന്റേതു മാത്രമല്ല ഒത്തൊരുമയുടെ ഉത്സവം കൂടിയാകുകയാണിവിടെ.

2010, നവംബർ 4, വ്യാഴാഴ്‌ച

കവിത


അമല്‍ കൃഷ്‌ണയുടെ രണ്ടു കവിതകള്‍
സ്വപ്‌നം
ഞാന്‍ സ്വപ്‌നം കാണാറുണ്ട്‌
കണ്ണീരിന്റെ ഉപ്പു ചേര്‍ന്ന,പക്ഷേ
മധുരമുള്ള സ്വപ്‌നം
വിശപ്പിന്റെ അലകള്‍ വീശിയടിക്കാറുണ്ടെങ്കിലും
സ്വപ്‌നത്തിലതുണ്ടാവാറില്ല
പക്ഷേ,മറ്റുള്ളവരുടെ നിലവിളികള്‍
കേട്ടില്ലെന്നു നടിക്കുന്നതെങ്ങനെ
അത്‌,എന്റെ സ്വപ്‌നങ്ങള്‍ക്കു തടസ്സമാകാറുണ്ട്‌

ജീവിതം ആസ്വദിക്കാനുള്ളതാണ്‌
പക്ഷേ,അതിനാകാത്തവര്‍ക്ക്‌ സ്വപ്‌നമാണൊരുപായം
പക്ഷേ,സ്വപ്‌നത്തിലും സ്വസ്ഥതയില്ലാത്തവരുടെ
കാര്യം ദയീയം തന്നെ
ഉറക്കം വരുന്നു,നല്ലൊരു സ്വപ്‌നത്തിലേക്കായിരിക്കട്ടെ


പാഴ്‌സ്വപ്‌നം
സ്വര്‍ണ്ണത്തിന്റെ വില കുത്തനെ
ഇടിഞ്ഞിരിക്കുന്നു
സ്‌ത്രീകളുടെ കണ്ണീര്‍ കാണുന്നചഷ്ട
ബിവറേജസിനു മുന്നിലെ നീണ്ട ക്യൂവും കാണാനില്ല
അംഗ ഭംഗം സംഭവിച്ച മരങ്ങളെയോ
പള്ളയ്‌ക്കു പിടിച്ചു കേഴുന്ന കുട്ടികളെയോ കാണുന്നാനില്ല
സ്വാതന്ത്ര്യത്തിന്റെ പരിമളം എങ്ങും വിഹരിക്കുന്നു
വിശ്വസിക്കാന്‍ കഴിയുന്നചഷ്ട
മതത്തിന്റെയോ ജാതിയുടെയോ പേരില്‍
കലഹിക്കുന്നവര്‍ ഇല്ലാതായിരിക്കുന്നു
ഇത്‌ സ്വപ്‌നമോ യാഥാര്‍ത്ഥ്യമോ
ങേ,അലാറം മുഴങ്ങുന്നു
സ്‌കൂളില്‍ പോകാനുള്ളതല്ലേ
അമല്‍ കൃഷ്‌ണ-പത്ത്‌.ബി
(സ്‌കൂള്‍ തല കലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയ കവിത) പത്താം ക്ലാസ്സ്‌ വിദ്യാര്‍ത്ഥിയായ അമല്‍കൃഷ്‌ണ ചെറുകഥ, ചിത്രരചന എന്നിവയിലും മികവ്‌ പ്രകടിപ്പിച്ചിട്ടുണ്ട.്‌

2010, നവംബർ 3, ബുധനാഴ്‌ച

ആരോഗ്യം


മെഡിക്കല്‍ ക്യാമ്പും ദന്തപരിശോധനയും
നെടുവേലി സ്‌കൂളിലെ ഹെല്‍ത്ത്‌ ക്ലബ്ബിന്റെ നേതൃത്ത്വത്തില്‍ മെഡിക്കല്‍ ക്യാമ്പും ദന്തപരിശോധനയും നടത്തി.കുട്ടികളിലുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച്‌ ഹെല്‍ത്ത്‌ ക്ലബ്ബ്‌ പഠന ക്ലാസ്സ്‌ നടത്തിയിരുന്നു.അതിന്റെ വെളിച്ചത്തിലാണ്‌ ദന്തപരിശോധന നടത്തിയത്‌.
വട്ടപ്പാറ പി.എം.എസ്‌ ഡെന്റല്‍ കോളേജിലെ 30 -ല്‍ പരം ഡോക്ടര്‍മാര്‍ പരിശോധനയ്‌ക്ക്‌ നേതൃത്ത്വം നല്‍കി.ഒപ്പം വിദഗ്‌ദ്ധ ഉപദേശവും ദന്തക്ഷയം ഒഴിവാക്കാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശവും നല്‍കി.കഴിഞ്ഞ വര്‍ഷം നേത്രപരിശോധനയാണ്‌ സംഘടിപ്പിച്ചത്‌.'ആരോഗ്യമുള്ള കുട്ടികള്‍ ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനം ' എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ്‌ ഹെല്‍ത്ത്‌ ക്ലബ്ബ്‌ പ്രവര്‍ത്തിക്കുന്നത്‌.