2011, ഡിസംബർ 13, ചൊവ്വാഴ്ച

മധുരം ഇംഗ്ലീഷ്‌


മധുരം ഇംഗ്ലീഷ്‌ പരിപാടിക്ക്‌ തുടക്കം
നെടുവേലി സ്‌കൂളിലെ കുട്ടികള്‍ക്ക്‌ ഇംഗ്ലീഷ്‌ പഠനം എളുപ്പമാക്കുന്നതിനും
അനായാസം സംസാരിക്കുന്നതിനുമായി ഒരു പുതിയ പഠന പദ്ധതി.തിരുവനന്തപുരം ജില്ലാ പഞ്ചായത്തും ഡിസ്‌ട്രിക്ട്‌ സെന്റര്‍ ഫോര്‍ ഇംഗ്ലീഷും സംയുക്തമായി സംഘടിപ്പിക്കുന്ന EQ +ELT പരിപാടിക്ക്‌ സ്‌കൂളില്‍ തുടക്കമായി.സ്‌കൂള്‍തല ഉദ്‌ഘാടനം വെമ്പായം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പ്രഭാകുമാരി നിര്‍വഹിച്ചു.
ബ്ലോക്ക്‌ വിദ്യാഭ്യാസ സ്‌റ്റാന്‍ഡിംങ്‌ കമ്മിറ്റി ചെയര്‍മാന്‍ ലതാകുമാരി ആശംസാപ്രസംഗം നടത്തി.പി.ടി.എ പ്രസിഡന്റ്‌ അനില്‍കുമാര്‍ അദ്ധ്യക്ഷനായിരുന്നു.
ഇംഗ്ലീഷ്‌ ക്ലബ്ബ്‌ കണ്‍വീനര്‍ ദീപ്‌തി ടീച്ചര്‍ പദ്ധതിയുടെ വിശദമായ മോഡ്യൂള്‍
അവതരിപ്പിച്ചു.ഹെഡ്‌മിസ്‌ട്രസ്സ്‌ പ്രഭാദേവി സ്വാഗതവും റോബിന്‍സ്‌ രാജ്‌
നന്ദിയും പറഞ്ഞു.

ബാന്‍ഡ്‌ ട്രൂപ്പ്‌


ആരവമുണര്‍ത്തി നെടുവേലിക്ക്‌ സ്വന്തം ബാന്‍ഡ്‌ ട്രൂപ്പ്‌
നെടുവേലിക്ക്‌ സ്വന്തമായി ഒരു ബാന്‍ഡ്‌ ട്രൂപ്പ്‌ എന്ന സ്വപ്‌നം പൂവണിഞ്ഞു.1998 -ല്‍ സ്‌കൂള്‍ പ്രിന്‍സിപ്പലായിരുന്ന ശ്രീകുമാരി അമ്മ ടീച്ചറാണ്‌ ഇതിന്‌ തുടക്കം കുറിച്ചത്‌.മികച്ച ഒരു ടീമിനെ അന്ന്‌ തയ്യാറാക്കിയിരുന്നു.സര്‍ക്കാര്‍ സ്‌കൂളുകളെ മുഖ്യധാരയിലെത്തിക്കുക എന്ന ടീച്ചറിന്റെ ഇച്ഛാശക്തിയുടെ പ്രതിഫലനം കൂടിയായിരുന്നു അത്‌.എന്നാല്‍ പിന്നീട്‌ ട്രൂപ്പിന്റെ പ്രവര്‍ത്തനം നിലച്ചു.ഈ വര്‍ഷം പി.ടി.എ യുടെയും അദ്ധ്യാപകരുടെയും സ്ഥാപനമേധാവികളുടെയും നേതൃത്ത്വത്തില്‍ ബാന്‍ഡിന്റെ ബ്യൂഗിള്‍ മുഴങ്ങാന്‍ തുടങ്ങി. പിരപ്പന്‍കോട്‌ നടന്ന സബ്‌ജില്ലാ കലോത്സവ ഘോഷയാത്രയില്‍ ബാന്‍ഡ്‌ ട്രൂപ്പിന്‌ സമ്മാനം നേടാന്‍ കഴിഞ്ഞു. സീനിയര്‍ അദ്ധ്യാപകന്‍ റോബിന്‍സ്‌ രാജാണ്‌ ബാന്‍ഡ്‌ ട്രൂപ്പിന്റെ ചുമതല വഹിക്കുന്നത്‌.

കമ്പ്യൂട്ടര്‍


കമ്പ്യൂട്ടര്‍ പഠനത്തിനായി രക്ഷിതാക്കളും

ഐ.ടി @ സ്‌കൂളും നെടുവേലി ഗവണ്‍മെന്റ്‌ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ഐ.ടി വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച വിവരസാങ്കേതിക വിജ്ഞാനം സമൂഹത്തിലേക്ക്‌ എന്ന പരിപാടിക്ക്‌ സ്‌കൂള്‍ തുടക്കം കുറിച്ചു.പതിനഞ്ച്‌ രക്ഷാകര്‍ത്താക്കളാണ്‌ ക്ലാസ്സില്‍ പങ്കെടുത്തത്‌.കമ്പ്യൂട്ടറിന്റെ പ്രാഥമിക വിവരങ്ങള്‍ പങ്കുവച്ച്‌ ക്ലാസ്സ്‌ തുടങ്ങി.മൗസ്‌ ബാലന്‍സിനായി ഗെയിമും തുടര്‍ന്ന്‌ ചിത്രരചനയും പരിശീലിപ്പിച്ചു.സ്വന്തം ഫോള്‍ഡറില്‍ വിവരങ്ങള്‍ ടൈപ്പ്‌ ചെയ്യുന്നതിനും അവര്‍ക്കു കഴിഞ്ഞു. തികച്ചും വിദ്യാര്‍ത്ഥികളുടെ കൗതുകവും ആവേശവും രക്ഷിതാക്കള്‍ക്കുണ്ടായിരുന്നു.ശനിയാഴ്‌ചകളാണ്‌ ക്ലാസ്സിനായി പ്രയോജനപ്പെടുത്തുന്നത്‌.കൂടുതല്‍ രക്ഷിതാക്കള്‍ താല്‌പര്യത്തോടെ ക്ലാസ്സില്‍ പങ്കെടുക്കാന്‍ മുന്നോട്ടു വരുന്നുണ്ട്‌. സ്‌കൂള്‍ എസ്‌.ഐ.ടി.സി മാരായ എസ്‌.മീര,എം.വി ബിനു എന്നിവര്‍ ക്ലാസ്സുകള്‍ നയിക്കുന്നു.

2011, ഒക്‌ടോബർ 3, തിങ്കളാഴ്‌ച

പഠനയാത്ര





കട്ടിളപ്പാറയിലെ ഓണദിനങ്ങള്‍
വനയാത്രയുടെ ഉന്മേഷത്തിലാണ്‌ നെടുവേലി സ്‌കൂളിലെ പരിസ്ഥിതി സ്‌നേഹികള്‍ ഓണാവധിയെ വരവേറ്റത്‌.കാലം തെറ്റിയ മഴയും കടുത്തവേനലും കാലാവസ്ഥകലികൊള്ളുന്ന കാലത്ത്‌ കാനനനീലിമയില്‍ ശുദ്ധവായുവേറ്റ്‌ അല്‌പനേരം.സെപ്‌തംബര്‍ 3,4 തീയതികളില്‍ പരിസ്ഥിതി ക്ലബ്ബ്‌ സംഘടിപ്പിച്ച പ്രകൃതിപഠനയാത്ര വൈകൃതമില്ലാത്ത പ്രകൃതിയെ അനുഭവിച്ചറിയാനുള്ള അവസരമൊരുക്കുകയായിരുന്നു. തെന്മല ചെന്തുരുണി വനവിജ്‌ഞാന കേന്ദ്രത്തിന്റെ നേതൃത്ത്വത്തിലാണ്‌ പഠനക്യാമ്പ്‌ നടന്നത്‌.വനജീവിതത്തിന്റെ വ്യത്യസ്‌തമേഖലകളെ സ്‌പര്‍ശിക്കുന്ന പഠനക്ലാസ്സോടുകൂടിയാണ്‌ ക്യാമ്പ്‌ തുടങ്ങിയത്‌.വൈല്‍ഡ്‌ ലൈഫ്‌ വാര്‍ഡന്‍പ്രദീപ്‌കുമാറാണ്‌ഉദ്‌ഘാടനംനിര്‍വഹിച്ചത.്‌കന്യാകുമാരിയില്‍ തുടങ്ങിഗുജറാത്തിലെതാപ്‌തീനദിവരെ1600കി.മീവ്യാപിച്ചുകിടക്കുന്നപശ്ചിമഘട്ടത്തിന്റെപ്രത്യേകതകളെക്കുറിച്ചാണ്‌അദ്ദേഹംസംസാരിച്ചത്‌.കൊല്ലം,തിരുനെല്‍വേലി,തിരുവനന്തപുരം ജില്ലകളില്‍ മാത്രം കാണുന്ന ചെങ്കുറിഞ്ഞി മരത്തിന്റെ പേരില്‍നിന്നാണ്‌ പശ്ചിമഘട്ടത്തിലെ ഈ വന്യജീവി സങ്കേതത്തിന്‌ ചെന്തുരുണി എന്ന പേര്‌ വന്നതെന്ന്‌ അദ്ദേഹം വ്യക്തമാക്കി.ക്യാമ്പ്‌ ഡയറക്‌ടര്‍ പ്രസാദ്‌ തുടര്‍ന്ന്‌ ക്ലാസ്സ്‌ നയിച്ചു. 'ജൈവ സംരക്ഷണവും ആവാസവ്യവസ്ഥ നേരിടുന്ന വെല്ലുവിളികളും' എന്ന വിഷയത്തില്‍ പരിസ്ഥിതി മേഖലയെക്കുറിച്ച്‌ വിശദമായ ക്ലാസ്സെടുത്തു.ഭൂമുഖത്തെ ജൈവമണ്‌ഡലത്തില്‍ അധിവസിക്കുന്ന മെരുക്കിയെടുക്കാത്ത സകല ജന്തുക്കളും പക്ഷികളും ശലഭങ്ങളും അതിസൂക്ഷ്‌മ ജീവികളും കൃഷിചെയ്‌ത്‌ പരിപാലിക്കപ്പെടാത്ത സകല സസ്യജാലങ്ങളും ഉള്‍പ്പെടുന്നതാണ്‌ വന്യജീവി.വന്യജീവി സങ്കേതം,ദേശീയോദ്യാനം,ജൈവവൈവിധ്യം എന്നിവ വിശദീകരിച്ച്‌ ആഗോളതാപനത്തിന്‌ മരമാണ്‌ മറുപടി എന്ന കണ്ടെത്തലില്‍ ക്ലാസ്സ്‌ അവസാനിപ്പിച്ചു.കല്ലട പദ്ധതി,അഡ്വഞ്ചര്‍ പാര്‍ക്ക്‌,നക്ഷത്രവനം,മ്യൂസിക്കല്‍ ഫൗണ്ടന്‍ എന്നിവിടങ്ങളിലെ സന്ദര്‍ശനം,സി.ഡി പ്രദര്‍ശനം എന്നിവയായിരുന്നു ആദ്യദിനപരിപാടികള്‍. രണ്ടാംദിവസമായിരുന്നു വനയാത്ര.കട്ടിളപ്പാറ എന്ന സ്ഥലത്തുനിന്നാണ്‌ വനത്തിന്റെ ഉള്ളിലേക്ക്‌ പ്രവേശിച്ചത്‌.വനം വകുപ്പ്‌ ജീവനക്കാരായ സന്തോഷ്‌കുമാറും സുബ്രഹ്മണ്യനും സഹായത്തിന്‌ ഒപ്പമുണ്ടായിരുന്നു.ടൂറിസം മേഖല,ബഫര്‍മേഖല,കോര്‍മേഖല എന്നിങ്ങനെയാണ്‌ ഈ വന്യജീവി സങ്കേതത്തെ തിരിച്ചിരിക്കുന്നത്‌.ഈ വന്യജീവി സങ്കേതം അവസാനിക്കുന്നത്‌ തമിഴ്‌നാടിന്റെ ടൈഗര്‍ റിസര്‍വായ കളയ്‌ക്കാട്‌ മുണ്ടന്‍തുറൈയിലാണ്‌.ഉഷ്‌ണമേഖലാവനപ്രദേശത്തുകൂടിയാണ്‌ യാത്ര ആരംഭിച്ചത്‌.വെണ്‍തേക്കും കല്ലാലും മരുതികളും ഇടതൂര്‍ന്ന പ്രദേശം.നീലസമുദ്രം പോലെ ദൂരെ കല്ലട ജലസേചനപദ്ധതിയുടെ വൃഷ്‌ടി പ്രദേശം കാണാം.തുടര്‍ന്ന്‌ അര്‍ദ്ധനിത്യഹരിതപ്രദേശത്തു കൂടിയായി യാത്ര.കമ്പകം,ഊറാവ്‌,ഇലച്ചുഴിയന്‍,ഉണ്ടപ്പൈന്‍,പഞ്ഞിയിലവ്‌,കാരാഞ്ഞിലി,വെങ്കോട്ട തുടങ്ങിയ മരങ്ങള്‍ നല്‍കുന്ന കുളുര്‍മയാണിവിടെ.യാത്ര അവസാനിച്ചത്‌ നാലുവശത്തുനിന്നും വെള്ളം ഒഴുകുന്ന മെരിസ്റ്റിക്കാ സാമ്പ്‌ (merristica samp) എന്ന ചതുപ്പ്‌ പ്രദേശത്താണ്‌.കേരളത്തിന്റെ സ്വന്തം മലമുഴക്കിയെ ഇവിടെ കാണാന്‍ കഴിഞ്ഞത്‌ ഈ യാത്രയുടെ മറ്റൊരു സാഫല്യമാണ്‌.കുളയട്ടകളെ ഭയന്നൊഴിഞ്ഞ്‌ തിരികെ ക്യാമ്പിലേയ്‌ക്ക്‌.ശുദ്ധവായുവിന്റെ ഹരിതഭൂമിയില്‍ നിന്ന്‌ തിരികെ .മുപ്പത്തഞ്ചു കുട്ടികളും ആറ്‌ അദ്ധ്യാപകരുമാണ്‌ ഈ യാത്രയില്‍ പങ്കെടുത്തത്‌.സീനിയര്‍ അദ്ധ്യാപകന്‍ റോബിന്‍സ്‌രാജ്‌,പരിസ്ഥിതി ക്ലബ്ബ്‌ കണ്‍വീനര്‍ ബിന്ദു ടീച്ചര്‍ എന്നിവര്‍ ക്യാമ്പിന്‌ നേതൃത്ത്വം നല്‍കി.

ഐ.സി.ടി ബോധവല്‍ക്കരണ ക്ലാസ്സ്‌


രക്ഷിതാക്കള്‍ക്ക്‌ ഐ.സി.ടി ബോധവല്‍ക്കരണ ക്ലാസ്സ്‌
സ്‌കൂള്‍ ഐ.ടി ക്ലബ്ബ്‌ സെപ്‌തംബര്‍ ഒന്നാം തീയതി രക്ഷിതാക്കള്‍ക്കുവേണ്ടി ഐ.ടി ബോധവല്‍ക്കരണ ക്ലാസ്സ്‌ നടത്തി. ഉച്ചയ്‌ക്ക്‌ 1.30 ന്‌ സ്‌മാര്‍ട്ട്‌ ക്ലാസ്സ്‌ റൂമില്‍ വച്ചു നടന്ന ചടങ്ങില്‍ മുന്‍ജില്ലാ ഐ.ടി കോര്‍ഡിനേറ്റര്‍ സുരേഷ്‌ബാബു ഉദ്‌ഘാടനം നിര്‍വഹിച്ചു.മുപ്പത്തഞ്ചോളം രക്ഷിതാക്കള്‍ ക്ലാസ്സില്‍ പങ്കെടുത്തു. ഐ.സി.ടി സാധ്യത ഉപയോഗിച്ച്‌ കുട്ടികളില്‍ വിഷയാവബോധം നടത്തുന്ന രീതി പരിചയപ്പെടുത്തി.മലയാളം,ജീവശാസ്‌ത്രം,സാമൂഹ്യശാസ്‌ത്രം,ഗണിതം എന്നീ വിഷയങ്ങള്‍ അവതരിപ്പിച്ചു.കവിത,ചലച്ചിത്രം,ആനിമേഷന്‍,ഡോക്യുമെന്ററി,ജിമ്പ്‌ തുടങ്ങിയ സാധ്യതകള്‍ പ്രയോജനപ്പെടുത്തി.അതോടൊപ്പം സ്‌കൂള്‍ ഐ.ടി ക്ലബ്ബിന്റെ പ്രവര്‍ത്തന മികവുകള്‍ പങ്കുവച്ചു.ഹെഡ്‌മിസ്‌ട്രസ്സ്‌ പ്രഭാദേവി,പി.ടി.എ പ്രസിഡന്റ്‌ അനില്‍കുമാര്‍,പി.ടി,എ വൈസ്‌ പ്രസിഡന്റ്‌ നന്ദകുമാര്‍,എസ്‌. ഐ..ടി. സി - എസ്‌.മീര,എം.വി ബിനു എന്നിവര്‍ സംസാരിച്ചു.

2011, സെപ്റ്റംബർ 29, വ്യാഴാഴ്‌ച

ഓണാഘോഷം






അത്തപ്പൂക്കളവും സദ്യയുമൊരുക്കി ഓണാഘോഷം
ഓരോ ക്ലാസ്സ്‌ മുറിയിലും അത്തപ്പൂക്കളമൊരുക്കി മലയാളിയുടെ പ്രിയപ്പെട്ട മാവേലിയെ നെടുവേലിയിലെ കുട്ടികള്‍ വരവേറ്റു.ഓണപ്പാട്ടോടെ തുടക്കം കുറിച്ച ആഘോഷങ്ങളില്‍ അത്തപ്പൂക്കള മത്സരം ഏറെ ശ്രദ്ധേയമായി.കലമടി,സുന്ദരിക്ക്‌ പൊട്ടുതൊടല്‍,സൂചിയില്‍ നൂലു കോര്‍ക്കല്‍,വടംവലി എന്നീ നാടന്‍ കളികള്‍ ആവേശകരമായിരുന്നു.പി.ടി.എ യുടെ നേതൃത്ത്വത്തില്‍ വിഭവസമൃദ്ധമായ ഓണസദ്യയൊരുക്കി.

ആഘോഷം


ചിങ്ങപ്പിറവിയില്‍ കര്‍ഷകനെ ആദരിച്ചു

ഓണപ്പാട്ടിന്റെയും കൊയ്‌ത്തുപാട്ടിന്റെയും അകമ്പടിയോടെ നെടുവേലി സ്‌കൂളില്‍ കര്‍ഷകനെ ആദരിച്ചു.ഗ്രാമത്തിലെ മുതിര്‍ന്ന കര്‍ഷകന്‍ വാസുദേവന്‍പിളളയെ ഹെഡ്‌മിസ്‌ട്രസ്സ്‌ പൊന്നാട അണിയിച്ച്‌ ആദരിച്ചു.പഴയകാല കാര്‍ഷിക സംസ്‌ക്കാരത്തെക്കുറിച്ച്‌ അദ്ദേഹം സംസാരിച്ചു.നെല്‍വിത്തുകള്‍,കൃഷിരീതി,കൃഷി ഉപകരണങ്ങള്‍,നിലമൊരുക്കല്‍,ജൈവകൃഷി എന്നിങ്ങനെ കേരളത്തിന്റെ തനത്‌കൃഷിരീതിയെക്കുറിച്ചുള്ള വിവരണം കുട്ടികള്‍ക്ക്‌ കൗതുകകരമായി.പ്രിന്‍സിപ്പാള്‍ എസ്‌.ജയശ്രീ ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്‌തു.പരിസ്ഥിതി ക്ലബ്ബ്‌ ഗ്രീന്‍സിന്റെയും സാഹിത്യസമാജത്തിന്റെയും ആഭിമുഖ്യത്തിലാണ്‌ പരിപാടി സംഘടിപ്പിച്ചത്‌.ഗ്രീന്‍സ്‌ കണ്‍വീനര്‍ ഒ.ബിന്ദു,സാഹിത്യസമാജം കണ്‍വീനര്‍ എം.വി ബിനു എന്നിവര്‍ സംസാരിച്ചു.

സ്വാതന്ത്ര്യദിനം



സ്വാതന്ത്ര്യദിനം ആഘോഷിച്ചു
നെടുവേലി സ്‌കൂളില്‍ സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ പുതുമയുള്ള പരിപാടികള്‍ കൊണ്ട്‌ ശ്രദ്ധേയമായി.ഹെഡ്‌മിസ്‌ട്രസ്സ്‌ ശ്രീമതി പ്രഭാദേവി പതാക ഉയര്‍ത്തി.
പുതുതായി ആരംഭിച്ച സ്‌കൂള്‍ ബാന്‍ഡിന്റെ സല്യൂട്ട്‌ ഹെഡ്‌മിസ്‌ട്രസ്സ്‌ സ്വീകരിച്ചു.സ്വാതന്ത്ര്യദിന സമ്മേളനത്തില്‍ പി.ടി.എ പ്രസിഡന്റ്‌ അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.സോഷ്യല്‍ സയന്‍സ്‌ ക്ലബ്ബിന്റെ നേതൃത്ത്വത്തില്‍ സ്വാതന്ത്ര്യദിന ക്വിസ്സ്‌ സംഘടിപ്പിച്ചു.പരിസ്ഥിതി ക്ലബ്ബ്‌ ഹരിതസ്വാതന്ത്യം എന്ന ഹരിതവല്‍ക്കരണ പരിപാടിക്ക്‌ തുടക്കം കുറിച്ചു.കമ്പ്യൂട്ടര്‍ വിഭാഗം സ്വാതന്ത്ര്യദിനം എന്ന വിഷയത്തില്‍ ഡിജിറ്റല്‍ പെയിന്റിങ്‌ മത്സരം സംഘടിപ്പിച്ചു.

2011, സെപ്റ്റംബർ 15, വ്യാഴാഴ്‌ച

ഹിരോഷിമാ ദിനം



യുദ്ധവിരുദ്ധ സന്ദേശത്തോടെ ഹിരോഷിമാ ദിനം
നെടുവേലി സ്‌കൂളിലെ സോഷ്യല്‍ സയന്‍സ്‌ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ്‌ 6 ഹിരോഷിമാദിനം ആചരിച്ചു.യുദ്ധവിരുദ്ധ സന്ദേശവും പോസ്റ്റര്‍ പ്രദര്‍ശനവും നടന്നു.സമ്മേളനത്തില്‍ ഹെഡ്‌മിസ്‌ട്രസ്സ്‌ എ.ജി പ്രഭാദേവി,ഭൗമിക്‌ എസ്‌.മാധവ്‌ എന്നിവര്‍ യുദ്ധവിരുദ്ധ പ്രഭാഷണം നടത്തി.ആണവ യുദ്ധത്തില്‍ പൊലിഞ്ഞവര്‍ക്ക്‌ കുട്ടികള്‍ ശ്രദ്ധാഞ്‌ജലി അര്‍പ്പിച്ചു.

2011, ജൂലൈ 21, വ്യാഴാഴ്‌ച

പുസ്‌തകപ്രദര്‍ശനം


പുസ്‌തകക്കാഴ്‌ചകള്‍
ജൂണ്‍ 19 വായനാദിനം അറിവിന്റെ അക്ഷയഖനി തേടി

2011, ജൂലൈ 20, ബുധനാഴ്‌ച

ബോധവല്‍ക്കരണ ക്ലാസ്സ്‌



ലഹരിയ്‌ക്കെതിരെ ബോധവല്‍ക്കരണ ക്ലാസ്സ്‌
മദ്യം,മയക്കുമരുന്ന്‌,പുകയില,പാന്‍പരാഗ്‌ തുടങ്ങിയവ കുട്ടികളിലും സമൂഹത്തിലും സൃഷ്‌ടിക്കുന്ന ദൂഷ്യഫലങ്ങളെക്കുറിച്ച്‌ സ്‌കൂള്‍ അസംബ്ലിയില്‍ എക്‌സൈസ്‌ റേഞ്ച്‌ ഇന്‍സ്‌പെക്‌ടര്‍ അനികുമാര്‍ ബോധവല്‍ക്കരണ ക്ലാസ്സ്‌ നയിച്ചു.

2011, ജൂലൈ 18, തിങ്കളാഴ്‌ച

സൈക്കിള്‍ റാലി


ലഹരിയ്‌ക്കെതിരെ സൈക്കിള്‍ റാലി
നെടുവേലി:ഇഞ്ചിഞ്ചായി സ്വയം മരിക്കുന്ന യുവചേതനയെ ഉണര്‍ത്താനാണ്‌ ഇക്കൊല്ലം അന്താരാഷ്‌ട്ര മയക്കുമരുന്ന്‌ ലഹരിവിരുദ്ധ ദിനത്തില്‍ നെടുവേലിയിലെ കുട്ടികള്‍ ശ്രമിച്ചത്‌.മദ്യം,മയക്കുമരുന്ന്‌,പുകയില,പാന്‍പരാഗ്‌ തുടങ്ങിയവയുടെ ദൂഷ്യഫലങ്ങള്‍ സൂചിപ്പിക്കുന്ന കാര്‍ഡുകളുമായി നടത്തിയ സൈക്കിള്‍ റാലിയായിരുന്നു ലഹരിയ്‌ക്കെതിരെയുള്ള ഈ വര്‍ഷത്തെ പ്രധാനപരിപാടി.നെടുവേലിയില്‍ നിന്നു തുടങ്ങി നാലുമുക്ക്‌,കൊഞ്ചിറ,കന്യാകുളങ്ങര എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച്‌ തിരികെ സ്‌കൂളിലെത്തിയ റാലി കുട്ടികളുടെ അര്‍പ്പണബോധം കൊണ്ട്‌ ശ്രദ്ധേയമായി.
കഴക്കൂട്ടം എക്‌സൈസ്‌ റേഞ്ച്‌ ഇന്‍സ്‌പെക്‌ടര്‍ അനികുമാറാണ്‌ റാലി ഉദ്‌ഘാടനം ചെയ്‌തത്‌.ഗ്രാമപഞ്ചായത്തംഗം ഗോപിപ്പിള്ള, പി.ടി.എ പ്രസിഡന്റ്‌ അനില്‍കുമാര്‍,വൈസ്‌പ്രസിഡന്റ്‌ നന്ദകുമാര്‍,ഹെഡ്‌മിസ്‌ട്രസ്സ്‌ എ.ജി പ്രഭാദേവി തുടങ്ങിയവര്‍ സംബന്ധിച്ചു. സ്‌കൂള്‍ ഹെല്‍ത്ത്‌ ക്ലബ്ബിന്റെയും പരിസ്ഥിതി ക്ലബ്ബിന്റെയും ആഭിമുഖ്യത്തിലാണ്‌ പരിപാടി സംഘടിപ്പിച്ചത്‌.

2011, ജൂൺ 28, ചൊവ്വാഴ്ച

ആഴ്‌ചവട്ടം


പാട്ടിന്റെ പാലാഴിയില്‍ ആഴ്‌ചവട്ടം തുടങ്ങി
നെടുവേലി:നാടന്‍പാട്ടിന്റെയും അമ്മ മലയാളത്തിന്റെയും രാഗസാഗരം തീര്‍ത്താണ്‌ ഇക്കൊല്ലം സാഹിത്യസമാജത്തിന്റെ ആഴ്‌ചവട്ടം തുടങ്ങിയത്‌.കവിയും അദ്ധ്യാപകനുമായ തുളസീദാസായിരുന്നു ഭാഷയുടെ മാധുര്യം കുട്ടികളിലെത്തിച്ച്‌ ആഴ്‌ചവട്ടത്തിനു തുടക്കു കുറിച്ചത്‌.ഭാഷയെയും സാഹിത്യത്തെയും സ്‌നേഹിക്കുന്ന നെടുവേലിയിലെ കുട്ടികളുടെ ഉച്ചനേരങ്ങളിലെ ഒത്തുചേരല്‍ പ്രശംസനീയമാണെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു.അക്ഷരങ്ങളെ ഇഷ്‌ടപ്പെടുന്ന കുട്ടികളുടെ ഓര്‍മ്മയില്‍ ആഴ്‌ചവട്ടത്തിന്റെ നാളുകള്‍ വാടാതെ നില്‍ക്കുമെന്ന്‌ ഹെഡ്‌മിസ്‌ട്രസ്സ്‌ പ്രഭ ടീച്ചര്‍ പറഞ്ഞു.ആഴ്‌ചവട്ടത്തിന്റെ സാഹിത്യമാസികയായ പക്ഷിക്കൂട്ടത്തിന്റെ വാര്‍ഷികപ്പതിപ്പ്‌ തുളസീദാസ്‌ പ്രകാശനം ചെയ്‌തു.ഹെഡ്‌മിസ്‌ട്രസ്സ്‌ ഏറ്റുവാങ്ങി.വായനാവാരാചരണത്തോടനുബന്ധിച്ച്‌ നടന്ന്‌ പ്രശ്‌നോത്തരി,ജലച്ചായം എന്നിവയില്‍വിജയികളായകുട്ടികള്‍ക്ക്‌ സമ്മാനം വിതരണം ചെയ്‌തു.സമാജം സെക്രട്ടറി ജിഷ്‌ണുജെ.ബി സ്വാഗതവും അരവിന്ദ്‌ നന്ദിയുംപറഞ്ഞു

2011, ജൂൺ 17, വെള്ളിയാഴ്‌ച

പരിസ്ഥിതി

പരിസ്ഥിതി ക്ലബ്ബ്‌ ദിനാഘോഷങ്ങള്‍

സ്‌കൂള്‍ പരിസ്ഥിതി ക്ലബ്ബ്‌ ഗ്രീന്‍സിന്റെ നേതൃത്ത്വത്തില്‍ പരിസ്‌ഥിതി ദിനാഘോഷങ്ങള്‍ ജൂണ്‍ നാലിന്‌ നടന്നു.സ്‌കൂള്‍ പരിസരത്ത്‌ വൃക്ഷത്തൈ നട്ടുകൊണ്ട്‌ ഹെഡ്‌മിസ്‌ട്രസ്സ്‌ പ്രസന്നകുമാരി ടീച്ചര്‍ ഉദ്‌ഘാടനം നിര്‍വഹിച്ചു.വൃക്ഷത്തൈകളുടെ വിതരണം വാര്‍ഡ്‌മെമ്പര്‍ ഗോപിപ്പിള്ള നിര്‍വഹിച്ചു.കുട്ടികള്‍ക്ക്‌ വിവിധയിനത്തിലുള്ള ഇരുന്നൂറ്‌ വൃക്ഷത്തൈകള്‍ നല്‍കി.സ്‌കൂള്‍ വളപ്പില്‍ വിപുലമായ രീതിയില്‍
നേന്ത്രവാഴക്കൃഷിക്കും തുടക്കം കുറിച്ചു.പരിസ്ഥിതി സംഘടനയായ ഗ്രീന്‍സ്‌ ഇന്ത്യയുടെ നേതൃത്ത്വത്തില്‍ ക്ലബ്ബ്‌ അംഗങ്ങള്‍ക്കായി 'പരിസ്ഥിതിയും വിദ്യാര്‍ത്ഥികളും' എന്ന വിഷയത്തില്‍ അജയ്‌.കെ.പിള്ള ക്ലാസ്സെടുത്തു.പ്രമുഖപരിസ്ഥിതി പ്രവര്‍ത്തകന്‍ അസിം പരിസ്ഥിതി പ്രശ്‌നോത്തരി നയിച്ചു.അഭിജിത്ത്‌ ഒന്നാം സ്ഥാനവും അശ്വന്‍കുമാര്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.പ്രവര്‍ത്തനങ്ങള്‍ക്ക്‌ കോര്‍ഡിനേറ്റര്‍ ബിന്ദു ടീച്ചര്‍ നേതൃത്ത്വം നല്‍കി.ജൂണ്‍ ആറിന്‌ തിരു:വി.ജെ.ടി ഹാളില്‍ നടന്ന
ലോകപരിസ്ഥിതി ദിന സമ്മേളനത്തില്‍ 9.സി യിലെ വിവേക്‌ എം.എല്‍ പങ്കെടുത്തു.

2011, ജൂൺ 14, ചൊവ്വാഴ്ച

നൂറുമേനി


തുടര്‍ച്ചയായി നാലാം വര്‍ഷവും നെടുവേലിക്ക്‌ നൂറുമേനി

എസ്‌.എസ്‌.എല്‍.സി പരീക്ഷയില്‍ തുടര്‍ച്ചയായി നാലാം തവണയും നെടുവേലി സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും വിജയിച്ചു.അഞ്ച്‌ വിദ്യാര്‍ത്ഥികള്‍ ഒരു വിഷയത്തില്‍ സേ പരീക്ഷ പാസ്സായതോടെ ഈ വര്‍ഷവും സ്‌കൂള്‍ നൂറിന്റെ നിറവിലെത്തി.സാമ്പത്തികമായും സാമൂഹികമായും ഏറെ പിന്നോക്കമായ മേഖലയിലാണ്‌ സ്‌കൂള്‍ സ്ഥിതിചെയ്യുന്നത്‌.ജൂലൈ മാസം മുതല്‍ തുടങ്ങുന്ന പ്രത്യേക ക്ലാസ്സുകളും ഡിസംബര്‍ മാസം മുതല്‍ നടക്കുന്ന ഗ്രഡേഷന്‍ ക്ലാസ്സുകളും ഈ വിജയത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങളാണ്‌.കൂട്ടായ പ്രവര്‍ത്തനവും കുട്ടികള്‍ക്ക്‌ നല്‍കുന്ന പ്രത്യേക പരിഗണനയും സ്‌കൂളിന്റെ തനത്‌ പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്‌.ഈ വിജയം സ്‌കൂളിന്‌ നല്‍കുന്ന ആത്‌മ വിശ്വാസം ചെറുതല്ല.സമൂഹത്തിന്റെ ഭിന്നതലങ്ങളെ കൂട്ടിയിണക്കുക എന്ന എളിയ പ്രവര്‍ത്തനത്തിന്റെ മനോഹരമായ പരിസമാപ്‌തിയാണിത്‌.2007-2008 100% , 2008-2009 100% , 2009-2010 100% , 2010 -2011 100%

2011, മാർച്ച് 25, വെള്ളിയാഴ്‌ച

ഔഷധത്തോട്ടം


സ്‌കൂളിന്‌ സ്വന്തം ഔഷധത്തോട്ടം

നെടുവേലി സ്‌കൂളിലെ ഗ്രീന്‍സ്‌ പരിസ്ഥിതി ക്ലബ്ബ്‌ കേന്ദ്ര പരിസ്ഥിതി വനം
മന്ത്രാലയത്തിന്റെ സഹായത്തോടെ നെടുവേലി സ്‌കൂളില്‍ ഔഷധത്തോട്ടം നിര്‍മ്മിച്ചു.
നൂറോളം അപൂര്‍വ ഔഷധസസ്യങ്ങളും നാട്ടുചെടികളും ഈ തോട്ടത്തില്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്‌.പാഠ്യവിഷയത്തോടൊപ്പം സസ്യസംരക്ഷണവും ഔഷധസസ്യങ്ങളെക്കുറിച്ചുള്ള അവബോധവും കുട്ടികളിലും സമൂഹത്തിലും എത്തിക്കുക എന്നതാണ്‌ ഈ പ്രവര്‍ത്തനം കൊണ്ട്‌ ലക്ഷ്യമാക്കുന്നത്‌.സ്‌കൂള്‍ ബോട്ടണി വിഭാഗത്തിന്റെ മികച്ച ലാബായി തീര്‍ന്നിരിക്കുന്നു ഔഷധത്തോട്ടം.2011 ഫെബ്രുവരി 26 ശനിയാഴ്‌ച വെമ്പായം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഒ.പ്രഭാകുമാരി ഔഷധത്തോട്ടത്തിന്റെ ഉദ്‌ഘാടനം നിര്‍വഹിച്ചു. വാര്‍ഡ്‌ മെമ്പര്‍ ഗോപിപ്പിള്ള പി.ടി.എ പ്രസിഡന്റ്‌ എ.അനില്‍കുമാര്‍,ഹെഡ്‌മിസ്‌ട്രസ്സ്‌ ജി.പ്രസന്നകുമാരി,പ്രിന്‍സിപ്പാള്‍ എസ്‌.ജയശ്രീ,കണ്‍വീനര്‍ ഒ.ബിന്ദു അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ മുതലായവര്‍ പങ്കെടുത്തു.

സെമിനാര്‍


ജൈവവൈവിധ്യ സംരക്ഷണം -സെമിനാര്‍

കേന്ദ്രപരിസ്ഥിതി -വനം മന്ത്രാലയവും നെടുവേലി ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ഗ്രീന്‍സ്‌ പരിസ്ഥിതി ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച ജൈവൈവിധ്യ സംരക്ഷണ സെമിനാര്‍ 2011 ഫെബ്രുവരി 26 ശനിയാഴ്‌ച സ്‌കൂള്‍ ആഡിറ്റോറിയത്തില്‍ വച്ച്‌ നടന്നു.യൂറീക്കാ പത്രാധിപ സമിതി അംഗവും പ്രമുഖനോവലിസ്‌റ്റുമായ പി.കെ സുധി മുഖ്യപ്രഭാഷണം നടത്തി.നെടുവേലി ഗ്രാമത്തിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി സംഘടിപ്പിച്ച സെമിനാറില്‍ നൂറോളം പേര്‍ പങ്കെടുത്തു.വെമ്പായം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഒ.പ്രഭാകുമാരി ഉദ്‌ഘാടനം നിര്‍വഹിച്ചു.വാര്‍ഡ്‌ മെമ്പര്‍ ഗോപിപ്പിള്ള,പി.ടി.എ പ്രസിഡന്റ്‌ എ.അനില്‍കുമാര്‍,വൈസ്‌പ്രസിഡന്റ്‌ നന്ദകുമാര്‍,പ്രിന്‍സിപ്പാള്‍ എസ്‌.ജയശ്രീ,ഹെഡ്‌മിസ്‌ട്രസ്സ്‌ ജി.പ്രസന്നകുമാരി,കണ്‍വീനര്‍ ഒ.ബിന്ദു അദ്ധ്യാപകര്‍
വിദ്യാര്‍ത്ഥികള്‍ മുതലായവര്‍ പങ്കെടുത്തു.

2011, മാർച്ച് 5, ശനിയാഴ്‌ച

പ്രവൃത്തിപരിചയം


പ്രവൃത്തിപരിചയ മേളയില്‍ 13 ഒന്നാം സ്ഥാനത്തോടെ നെടുവേലിക്ക്‌ ഓവറോള്‍

കണിയാപുരം സബ്‌ജില്ലാ പ്രവൃത്തിപരിചയ മേളയില്‍ നെടുവേലി സര്‍ക്കാര്‍ വിദ്യാലയം 13 ഒന്നാം സ്ഥാനവും 4 രണ്ടാം സ്ഥാനവും 1 മൂന്നാം സ്ഥാനവും നേടി വീണ്ടും ഓവറോള്‍ ചാമ്പ്യന്‍ ഷിപ്പ്‌ കരസ്ഥമാക്കി.ആര്യ-ചന്ദനത്തിരി(1),ഷെഹിന്‍-ചോക്ക്‌ നിര്‍മ്മാണം(1), അജിത്‌-ബുക്ക്‌ ബയന്റിംഗ്‌(1),മഹേഷ്‌ -ചാര്‍ട്ട്‌ കാര്‍ഡ്‌(1),അന്‍ഷാദ്‌ - ഇലക്‌ട്രിക്കല്‍(1),ശരണ്‍ -നെറ്റ്‌ നിര്‍മ്മാണം(1),ബിനീഷ്‌ -ക്ലേമോഡലിംഗ്‌(1),അരുണ്‍കുമാര്‍എ.എസ്‌ -മെറ്റല്‍ എന്‍ഗ്രേവിംഗ്‌(1),രേഷ്‌മ -പാഴ്‌ വസ്‌തു നിര്‍മ്മാണം(1),വിപിന്‍.എസ്‌.നായര്‍ -
കുട നിര്‍മ്മാണം(1),ഗോകുല്‍ -പ്ലാസ്റ്റര്‍ ഓഫ്‌ പാരിസ്‌(1),വിപിന്‍ രാജ്‌ -ബഡ്ഡിംഗ്‌(1),
സുജ-പാചകം(1),അക്ഷയ -ബീഡ്‌സ്‌ വര്‍ക്ക്‌ (2),വിജീത്‌ -ഫാബ്രിക്‌ പെയിന്റ്‌(2),ഗോകുല്‍ പി.ജി -വെജിറ്റബിള്‍ പെയിന്റിംഗ്‌(2),അഖില്‍ മോഹന്‍ -ത്രെഡ്‌ പാറ്റേണ്‍(3) എന്നീ ഇനങ്ങളിലാണ്‌ അഭിമാനകരമായ നേട്ടം കരസ്ഥമാക്കിയത്‌.തുടര്‍ച്ചയായി രണ്ടാം തവണയാണ്‌ നെടുവേലി ഈ വിജയം നേടുന്നത്‌.

2011, ഫെബ്രുവരി 3, വ്യാഴാഴ്‌ച

എന്‍ഡോസള്‍ഫാന്‍


എന്‍ഡോസള്‍ഫാന്‍ വിരുദ്ധ വാര്‍ത്താ ചിത്ര പ്രദര്‍ശനം
കേരളം നേരിടുന്ന സമകാലിക പരിസ്ഥിതി ദുരന്തത്തിനെതിരെ നെടുവേലി സ്‌കൂളിലെ `ഗ്രീന്‍സ്‌` പരിസ്ഥിതി ക്ലബ്ബ്‌ പ്രതികരണ കൂട്ടായ്‌മയും സെമിനാറും സംഘടിപ്പിച്ചു.മാതൃഭൂമി ആഴ്‌ചപ്പതിപ്പിലും പത്രത്തിലും പ്രസിദ്ധീകരിച്ച വാര്‍ത്തകളും ചിത്രങ്ങളും കുട്ടികള്‍ തയ്യാറാക്കിയ പോസ്റ്ററുകളും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ദയനീയ ദുരന്തങ്ങള്‍ കുട്ടികളെ ഏറെ ചിന്തിപ്പിക്കുന്നവയായിരുന്നു.സ്‌മാര്‍ട്ട്‌ ക്ലാസ്സ്‌ റൂമില്‍ നടന്ന സെമിനാറില്‍ `കീടനാശിനികള്‍ കാര്‍ഷിക മേഖലയിലും സമൂഹത്തിലും സൃഷ്‌ടിക്കുന്ന ദുരന്തങ്ങള്‍` എന്ന വിഷയത്തില്‍ കുട്ടികള്‍ വ്യത്യസ്‌തമായ നാല്‌ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.ഗ്രീന്‍സ്‌-സീഡ്‌ കണ്‍വീനര്‍ ബിന്ദു ടീച്ചറും അദ്ധ്യാപകരും നേതൃത്ത്വം വഹിച്ചു.

2011, ജനുവരി 12, ബുധനാഴ്‌ച

ബോധവല്‍ക്കരണ ക്ലാസ്സ്‌


മന്തുരോഗ ബോധവല്‍ക്കരണ ക്ലാസ്സ്‌
മന്ത്‌ രോഗത്തെക്കുറിച്ചും പകര്‍ച്ചാ രീതികളെക്കുറിച്ചും നിയന്ത്രണ മാര്‍ഗ്ഗങ്ങളെക്കുറിച്ചും വിജ്ഞാനപ്രദമായ ഒരു ക്ലാസ്സ്‌ ആരോഗ്യ വകുപ്പിന്റെ നേതൃത്ത്വത്തില്‍ നടന്നു.മാതൃ രക്ഷാകര്‍ത്താക്കള്‍ക്കു വേണ്ടി ഹെല്‍ത്ത്‌ ക്ലബ്ബാണ്‌ ഈ ബോധവല്‍ക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചത്‌.
ഒരു ശരീരദ്രവമായ ലിംഫിന്റെ (ലസികാ ദ്രവം) ഒഴുക്കിന്‌ തടസ്സം നേരിടുന്നതുമൂലമുണ്ടാകുന്ന രോഗമാണ്‌ മന്ത്‌. ലിംഫ്‌ വാഹികളില്‍ ഒരിനം വിരകള്‍ പെരുകിയാണ്‌ ലിംഫിന്റെ പ്രവാഹത്തിന്‌ തടസ്സം നേരിടുന്നത്‌.ഈ വിരകളെ മനുഷ്യശരീരത്തിലെത്തിക്കുന്നത്‌ കൊതുകുകളാണ്‌.കൊതുകു നിയന്ത്രണം ഈ രോഗം നിയന്ത്രിക്കുന്നതിന്‌ ഫലപ്രദമായ മാര്‍ഗ്ഗങ്ങളിലൊന്നാണ്‌.
രക്തം പരിശോധിച്ചാല്‍ മന്ത്‌ വിരകളുടെ സാന്നിദ്ധ്യം മനസ്സിലാക്കാമെങ്കിലും ഈ പരിശോധന രാത്രി കാലങ്ങളില്‍ മാത്രമേ ഫലപ്രദമാകു. മന്ത്‌ രോഗ നിവാരണത്തിനു വേണ്ടിയുള്ള ഗുളിക കഴിക്കുന്നത്‌ രോഗനിവാരണത്തിന്‌ ഫലപ്രദമായ ഒരു മാര്‍ഗ്ഗമാണ്‌.ഒരിക്കല്‍ മന്ത്‌ നീര്‌ പ്രത്യക്ഷപ്പെട്ടാല്‍ ഇതില്‍ നിന്ന്‌ മോചനം നേടുക എളുപ്പമല്ല.
നൂറ്റി അമ്പതോളം അമ്മമാര്‍ പങ്കെടുത്ത ഈ പരിപാടിയില്‍ ആരോഗ്യ വകുപ്പ്‌ ഉദ്യോഗസ്ഥന്‍ മണികണ്‌ഠന്‍ ക്ലാസ്സ്‌ നയിച്ചു. ഹെഡ്‌മിസ്‌ട്രസ്സ്‌ ജി.പ്രസന്നകുമാരി,ഹെല്‍ത്ത്‌ ക്ലബ്ബ്‌ കണ്‍വീനര്‍ ഡി.റോബിന്‍സ്‌ രാജ്‌ എന്നിവര്‍ പങ്കെടുത്തു.

ഐ.ടിമേള


ഐ.ടിമേള- നെടുവേലിക്ക്‌ രണ്ടാമതും ഓവറോള്‍

കണിയാപുരം ഉപജില്ലാ ഐ.ടി മേളയില്‍ തുടര്‍ച്ചായി രണ്ടാം തവണയും നെടുവേലി സ്‌കൂള്‍ ഓവറോള്‍ നേടി. ഐ.ടി പ്രോജക്‌ട്‌-അജ്‌മി- (9) ,വെബ്‌ ഡിസൈനിംഗ്‌ -മഹമ്മദ്‌ നയിഫ്‌ (10),
ഡിജിറ്റല്‍ പെയിന്റിംഗ്‌-റിച്ചു റോബിന്‍ (10),എന്നിവര്‍ ഒന്നാം സ്ഥാനവും വെബ്‌ ഡിസൈന്‍ അരുണ്‍ശിവന്‍ +1, രണ്ടാം സ്ഥാനവും നേടി. രണ്ടാം തവണയും ഓവറോള്‍ നേടാന്‍ കഴിഞ്ഞതിനു പിന്നില്‍ പ്രവര്‍ത്തിച്ച കുട്ടികളെയും ഐ.ടി ക്ലബ്ബ്‌ കണ്‍വീനര്‍ മീരടീച്ചറിനെയും ഹെഡ്‌മിസ്‌ട്രസ്സ്‌ ജി.പ്രസന്നകുമാരി അഭിനന്ദിച്ചു.ഐ.ടി രണ്ടാം തവണയും ഓവറോള്‍ നേടാന്‍ കഴിഞ്ഞതിനു പിന്നില്‍ പ്രവര്‍ത്തിച്ച കുട്ടികളെയും ഐ.ടി ക്ലബ്ബ്‌ കണ്‍വീനര്‍ മീരടീച്ചറിനെയും ഹെഡ്‌മിസ്‌ട്രസ്സ്‌ ജി.പ്രസന്നകുമാരി അഭിനന്ദിച്ചു.