2013, ജൂൺ 29, ശനിയാഴ്‌ച

മാസികാ പ്രകാശനം

പക്ഷിക്കൂട്ടം വാര്‍ഷികപ്പതിപ്പ് പ്രകാശനം ചെയ്തു

വായനാദിനത്തിന്റെ ഭാഗമായി നെടുവേലി സ്കൂളില്‍ പക്ഷിക്കൂട്ടം സാഹിത്യമാസികയുടെ വാര്‍ഷികപ്പതിപ്പ് പ്രകാശനം ചെയ്തു.എല്ലാമാസവും അച്ചടിച്ച് പ്രസിദ്ധീകരിക്കുന്ന ലഘുമാസികയാണ് ഇത്.നാലുവര്‍ഷം പൂര്‍ത്തിയാക്കിയ മാസികയുടെ നാലാമത്തെ വാര്‍ഷികപ്പതിപ്പാണ് ജൂണ്‍ 19-ന് പുറത്തിറക്കിയത്.സീനിയര്‍ അസിസ്റ്റന്റ് റോബിന്‍സ് രാജ് സാഹിത്യസമാജം സെക്രട്ടറി അതിര.ബി യ്ക്ക് മാസികയുടെ പ്രതി കൈമാറി.

ബോധവല്‍ക്കരണ ക്ലാസ്സ്

രോഗപ്രതിരോധത്തിന്റെ സാധ്യതകളില്‍ഹെല്‍ത്ത്‌ ക്ലബ്ബ്‌
 
നെടുവേലി:രോഗപ്രതിരോധത്തിന്റെ ബാലപാഠങ്ങളിലൂടെയാണ്‌ പുതിയ അദ്ധ്യയനവര്‍ഷത്തിന്റെ ആദ്യ വാരം നെടുവേലിയില്‍ കടന്നുപോയത്‌.മണ്ണും വിണ്ണും തണ്ണീരും മലിനമാകുന്ന കാലത്തില്‍ മാലിന്യസംസ്‌ക്കരണവും രോഗപ്രതിരോധവും സ്വന്തം പരിസരത്തുനിന്നു തുടങ്ങേണ്ടതിന്റെ ആവശ്യകതയിലൂന്നിയാണ്‌ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ സ്‌കൂള്‍ ഹെല്‍ത്ത്‌ ക്ലബ്ബ്‌ തുടക്കം കുറിച്ചത്‌.അത്യുഷ്‌ണവും അതിനുശേഷമുളള അതിമാരിയും വരുത്തുന്ന കാലാവസ്ഥാ വ്യതിയാനം മനുഷ്യരിലുണ്ടാക്കുന്ന രോഗാതുരമായ അവസ്ഥ ജൂണ്‍മാസത്തിന്റെ പ്രത്യേകതയാണ്‌.
എന്നാല്‍ ഇക്കൊല്ലം മേയ്‌ -ജൂണ്‍ മാസങ്ങളില്‍ ഗുരുതരമായ പകര്‍ച്ചപ്പനികളാണ്‌ കേരളത്തില്‍ പടര്‍ന്നു പിടിച്ചത്‌.കൊതുകു മുഖേന പകരുന്ന പകര്‍ച്ചപ്പനിയെക്കുറിച്ചും കൊതുകു നശീകരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികളില്‍ സ്വയം അവബോധമുണ്ടാക്കാന്‍ ചോദ്യാവലി നല്‍കി.സ്വന്തം വീട്ടു പരിസരത്തും രണ്ട്‌ അയല്‍വീടുകളുടെ പരിസരത്തും നിരീക്ഷണം നടത്തി കൊതുകിന്റെ കൂത്താടി വളരാന്‍ ഇടയുള്ള സ്ഥലങ്ങള്‍ കണ്ടെത്തുന്ന കുട്ടികളില്‍ പരപ്രേരണ കൂടാതെ കൊതുകിനെ ഉത്ഭവസ്ഥലത്തു തന്നെ നശിപ്പിക്കാനും കൊതുകിന്റെ വളര്‍ച്ച കുറയ്‌ക്കാനുമുള്ള ശീലമുണ്ടാകും.സ്‌കൂള്‍ അസംബ്‌ളിയിലും ഇതുമായി ബന്ധപ്പെട്ട പ്രതിജ്ഞ,പ്രഭാഷണം തുടങ്ങിയ പരിപാടികള്‍ നടക്കുന്നുണ്ട്‌.
നിസ്സാരമെന്നു തോന്നുന്ന ഇത്തരം ഉപകാരപ്രദമായ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാക്കുന്നതിന്‌ ഹെല്‍ത്ത്‌ ക്ലബ്ബിന്റെ നേതൃത്ത്വത്തില്‍ ബോധവല്‍ക്കരണ ക്ലാസ്സ്‌ നടത്തി.ഹെല്‍ത്ത്‌ ക്ലബ്ബ്‌ കണ്‍വീനര്‍ റോബിന്‍സ്‌ രാജ്‌, അനില്‍ഫിലിപ്പ്,പബ്ലിക്‌ നഴ്‌സ്അനിലകുമാരി എന്നിവര്‍ നേതൃത്ത്വം നല്‍കി.

2013, ജൂൺ 20, വ്യാഴാഴ്‌ച

പരിസ്ഥിതി ദിനാചരണം

         കുളിര്‍മഴയില്‍ ഒരു പരിസ്ഥിതി ദിനം

പുതുമഴയുടെ ആരവങ്ങള്‍ക്കൊപ്പം മഴ നനഞ്ഞ ജൂണ്‍ അഞ്ചിന്
ഈ വര്‍ഷത്തെ പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.മഴയിറമ്പത്ത് ഒരു കൂട്ടായ്മ.പൊള്ളിത്തുടുക്കുന്ന ഭൂമിയുടെ നെഞ്ചകത്തെ സത്യങ്ങള്‍ വിളിച്ചു പറഞ്ഞ് പത്താം ക്ളാസ്സുകാരി ആതിരയുടെ പ്രസംഗം.പിന്നെ ഒന്നുകൂടി ചുവടുറപ്പിക്കാന്‍ പ്രതിജ്ഞ.വെള്ളത്തിനും ഭക്ഷണത്തിനും വേണ്ടി കാവലും കരുതലും വേണമെന്ന ദൃഡനിശ്ചയം. ഫലവൃക്ഷച്ചെടികളാണ് കൂട്ടുകാര്‍ക്ക് നല്‍കിയത്.കാലത്തിന് ഫലം നല്‍കാന്‍ ഒരു കരുതല്‍.കുരുവിയും കുയിലും അണ്ണാറക്കണ്ണനും മനുഷ്യനും വിശക്കുമ്പോള്‍ ഒരു ചില്ലയില്‍ തന്നെ ചേക്കേറട്ടെ. വര്‍ഷങ്ങള്‍ക്കു ശേഷമാണ് പരിസ്ഥിതി ദിനത്തില്‍ മഴ.പ്രകൃതിയും സന്തോഷിക്കുന്നു.ഔഷധ തോട്ടത്തില്‍ നിറയെ അടയ്ക്കാക്കുരുവികള്‍.വേനലിന്റെ പൊറുതികേടുകള്‍ അവര്‍ പരസ്പരം പറയുന്നുണ്ട്.
പെട്ടെന്ന് മഴ ................................!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
ആരോ കവി എ. അന്‍വറിന്റെ കവിത ചൊല്ലി-
മഴക്കാലമാണ് മനസ്സാലെ നമ്മള്‍
നിനയ്ക്കാത്തതെല്ലാം കൊടുങ്കാററുപോലെ
വരും കാലമാണ് ................................
കുട്ടികള്‍ ക്ലാസ്സ് മുറിയിലേക്ക് ഓടിക്കയറി.പ്രകൃതി അപ്പോഴും ചിരിക്കുകയാണ്,നിറവോടെ

നേട്ടങ്ങള്‍

             പഠന മികവിന്റെ നക്ഷത്രങ്ങള്‍


രണ്ടായിരത്തി പതിമൂന്ന് മാര്‍ച്ചിലെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ 99% നേടി നെടുവേലി സ്കൂളിന് വീണ്ടും ഉന്നത വിജയം. പരീക്ഷയെഴുതിയ 103 കുട്ടികളില്‍ 102 പേരും വിജയിച്ചു.ഭൗമിക്ക്.എസ്.മാധവും അശ്വന്‍കുമാറും എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് നേടി.തുടര്‍ച്ചയായി നാലാം തവണയാണ് ഇംഗ്ലീഷ് മീഡിയം നൂറുശതമാനം വിജയം നേടുന്നത്.