2010, ഓഗസ്റ്റ് 3, ചൊവ്വാഴ്ച



കാവും കുളവും തേടിയൊരു യാത്ര


പാടം നമുക്ക്‌ തീര്‍ത്ഥസ്ഥാനം എന്ന്‌ കണ്ണീര്‍പ്പാടത്തില്‍ വൈലോപ്പിള്ളി എഴുതിയിട്ടുണ്ട്‌.കാവ്‌ നമുക്ക്‌ തീര്‍ത്ഥസ്‌നാനം എന്ന്‌ പ്രഖ്യാപിക്കുകയാണ്‌ നെടുവേലിയിലെ കുട്ടികള്‍.പുതിയ ലോകത്തിന്റെ ആരവങ്ങളില്‍ നിന്നകന്ന്‌ നന്നാട്ടുകാവ്‌ പിള്ളയമ്മാച്ചന്‍ കാവ്‌ സന്ദര്‍ശനത്തിനു പോയ കുട്ടികള്‍ പരിസര പഠനത്തിന്റെ പ്രാധാന്യവുംതിരിച്ചറിയുകയായിരുന്നു.കാവിലേയ്‌ക്കുള്ള യാത്ര മഴയ്‌ക്കൊപ്പമായിരുന്നു.കുത്തനെയുള്ള വഴുക്കലുകളില്‍ തെന്നിയാണ്‌ ലക്ഷ്യ സ്ഥാനത്തെത്തിയത്‌.വള്ളിപ്പടര്‍പ്പുകള്‍ നിറഞ്ഞ്‌ പുരാതനമായ അന്തരീക്ഷം.പുതുതായി നിര്‍മ്മിച്ച അമ്പലം മാത്രം കാവിന്റെ സ്വാഭാവികതയില്‍ നിന്നും വേറിട്ടു നില്‍ക്കുന്നു.വറ്റാത്ത ചെറു കുളവും ചോരപ്പാനയും നീര്‍മരുതും ചൂരല്‍പ്പടര്‍പ്പും പേരറിയാത്ത ചെറുചെടികളും ഈ കാവിന്റെ സമ്പത്ത്‌.നാഗരൂട്ടിന്റെ വിശ്വാസം കാവിന്‌ അനുഷ്‌ഠാന സ്വഭാവം നല്‍കുന്നു.കാവെന്ന ജൈവ സമ്പത്തിനെ സംരക്ഷിക്കുന്ന നാട്ടുകാര്‍ കുട്ടികളെ ജൈവ ലോകത്തേയ്‌ക്ക്‌ നിറഞ്ഞ മനസ്സോടെ സ്വാഗതം ചെയ്‌തു.വച്ചുപിടിപ്പിച്ച മരങ്ങളെ സ്വാഗതം ചെയ്യാത്ത കാവിന്റെ ജൈവ പ്രകൃതി ,കാവിന്റെ തനിമയ്‌ക്കു മേല്‍ പരിഷ്‌ക്കാരം കൊണ്ടുവരില്ലെന്ന നാട്ടുകാരുടെ നിശ്ചയം,ആഗോളതാപനത്തിന്റെ ഭീഷണിയില്‍ നിന്നൊഴിഞ്ഞു നില്‍ക്കുന്ന നാട്ടുംപുറം,വറ്റാത്ത ജലനിരപ്പുള്ള സമീപത്തെ കിണറുകള്‍,പിള്ളയമ്മാച്ചന്‍ എന്ന വിശ്വാസത്തെ നെഞ്ചേറ്റുന്ന പരിസരവാസികള്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ കുട്ടികളുമായി അവര്‍ പങ്കുവച്ചു.ചെടികളെ തരം തിരിച്ച്‌ പഠിക്കുന്ന പഠിപ്പിന്റെ ആള്‍ക്കാര്‍ക്കല്ല അവയെ പരിപാലിക്കുന്ന ഗ്രാമമനസ്സിന്റെ നിഷ്‌ക്കളങ്കതയ്‌ക്കാണ്‌ റൈറ്റ്‌ ലവ്‌ലി ഹുഡ്‌ പുരസ്‌ക്കാരവും നോബല്‍സമ്മാനവുമൊക്കെ നല്‍കേണ്ടതെന്ന അവബോധവും ഈ യാത്രയുടെ സംഭാവനയാണ്‌.പരിസ്ഥിതി ക്‌ളബ്ബിന്റെ (ഗ്രീന്‍സ്‌) യും സീഡിന്റെയും പരിസര വിജ്ഞാനപരിപാടിയുടെ ഭാഗമായാണ്‌ ഈ യാത്ര സംഘടിപ്പിച്ചത്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ