2010, ജൂലൈ 23, വെള്ളിയാഴ്‌ച


വായനയുടെ രസാനുഭവമുണര്‍ത്തി പുസ്‌തക പ്രദര്‍ശനം

നെടുവേലി:ഡ്രാക്കൂള പ്രഭുവും ഷെര്‍ലക്‌ ഹോംസും അംഗദനും അടുത്തിരിക്കുകയാണ്‌.അല്‌പമകലെയായി അശോകന്‍ ചരുവിലും സുഭാഷ്‌ ചന്ദ്രനും ബഷീറും ഞങ്ങളെ വായിക്കൂ എന്ന സ്വാഗത വാക്യവുമായിരിക്കുന്നു.അരങ്ങിന്റെ സാഹിത്യരൂപമായി നാടകങ്ങളും പേറി സതീഷ്‌.കെ.സതീഷുണ്ട്‌.കവിതയുമായി വൈലോപ്പിള്ളിയും ഇടശ്ശേരിയും അരികെ. നെടുവേലി സര്‍ക്കാര്‍ വിദ്യാലയത്തിലെ പുസ്‌തക പ്രദര്‍ശന വേളയിലാണ്‌ നൂറ്റാണ്ടുകള്‍ക്കപ്പുറവും ഇപ്പുറവും ജീവിച്ച പ്രതിഭകളും അനശ്വര കഥാപാത്രങ്ങളും താളുകളിലിരുന്ന്‌ ഒരേ വേദി പങ്കിട്ടത്‌.സ്‌കൂള്‍ ഗ്രന്ഥശാലയിലെ പുതിയ പുസ്‌തകങ്ങള്‍ വായനാവാരാചരണത്തിന്റെ ഭാഗമായാണ്‌ പ്രദര്‍ശിപ്പിച്ചത്‌.മഹച്ചരിതമാലയും ശാസ്‌ത്ര,ഗണിതശാസ്‌ത്ര പുസ്‌തകങ്ങളും വൈജ്ഞാനിക ഗ്രന്ഥങ്ങളും റഫറന്‍സ്‌ കൃതികളുമൊക്കെ മുന്നില്‍ കണ്ടപ്പോള്‍ വായനാകുതുകികളായ വിദ്യാര്‍ത്ഥികള്‍ സന്തോഷം മറച്ചു വച്ചില്ല.സ്‌കൂള്‍ സാഹിത്യസമാജത്തിന്റെ ആഭിമുഖ്യത്തിലാണ്‌ വായനയെ പ്രോത്സാഹിപ്പാന്‍ പ്രദര്‍ശനം സംഘടിപ്പിച്ചത്‌.അറിവിന്റെയും അനുഭവത്തിന്റെയും ചക്രവാളം വികസിപ്പിക്കാന്‍ വായന നല്‍കുന്ന സ്വകാര്യ അനുഭവത്തിനു കഴിയുമെന്ന വസ്‌തുതയാണ്‌ ഈ പ്രദര്‍ശനത്തിന്‌ പ്രേരിപ്പിച്ചതെന്ന്‌ സംഘാടകര്‍ പറഞ്ഞു.ബാലമാസികകളും ആനുകാലികങ്ങളും പ്രദര്‍ശനത്തിനുണ്ടായിരുന്നു.ബുധന്‍,വെള്ളി ദിവസങ്ങളില്‍ പുസ്‌തകങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്‌

1 അഭിപ്രായം: