2016, ഒക്‌ടോബർ 8, ശനിയാഴ്‌ച

യാത്ര




 കാപ്പുകാട്ടെ കിഴക്കുമലയിലേക്ക് ഒരു യാത്ര

 പച്ചപ്പിന്റെ വഴിത്താരകള്‍ തേടി നെടുവേലി സ്കൂള്‍ എല്ലാ വര്‍ഷവും യാത്ര തിരിക്കാറുണ്ട്.സംരക്ഷിത വനപ്രദേശമായ കോട്ടൂരിലെ കാപ്പുകാടായിരുന്നു ഇന്ന് ഞങ്ങള്‍ സന്ദര്‍ശിച്ചത്.ഗ്രീന്‍സ് പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്തിലായിരുന്നു സഞ്ചാരം.36 കുട്ടികള്‍ 9 അദ്ധ്യാപകര്‍.ഒഴിവു ദിനം, അനുഭവങ്ങളുടെ സുദിനമായി മാറി


       ആനച്ചൂരുള്ള കാപ്പുകാട്ടെ കാനനഭംഗിക്ക് തിലകം ചാര്‍ത്തി ഗജരാജനായ എഴുപതു വയസ്സുകാരന്‍ മണിയും 39 വയസ്സുകാരന്‍ രാജ്കുമാറും 44 വയസ്സുകാരി ജയശ്രീയും.ബാലഭാവനയിലെ കളിക്കൂട്ടുകാരെപ്പോലെ നാല് വയസ്സുകാരന്‍ റാണയും മൂന്നര വയസ്സുകാരന്‍ രാജയും രണ്ടര വയസ്സുകാരി പൊടിച്ചിയും.

       ആനക്കുളിയുടെ രസക്കാഴ്ചകള്‍ കാണികള്‍ക്ക് കൗതുകം പകരും.പുഴ ഓളം തുള്ളുമ്പോള്‍, നീര്‍ക്കണങ്ങള്‍ തണുപ്പിന്റെ രസത്തുള്ളികള്‍ തളിക്കുമ്പോള്‍ ആകെ ലയിച്ചു ചേരുന്ന മദം പിടിപ്പിക്കുന്ന കാഴ്ചക്ക് യൗവനത്തിന്റെ രസപ്പകര്‍ച്ചയുണ്ട്.തുമ്പി വീശി തുടിക്കുന്ന പിടിയാനയുടെ ജലകേളി,നീന്തിത്തുടിക്കുന്ന കൊമ്പന്റെ കരയോടുള്ള ഈര്‍ഷ്യ.ഗജത്തിന് ജലം പ്രണയ ബാഷ്പമായിത്തീരുന്ന ശീത സ്പര്‍ശം കാപ്പുകാട്ട് കാണാം. കാലത്തേ എത്തണം....കാത്തു നില്‍ക്കണം.

      ആനയൂട്ട് മറ്റൊരു കാഴ്ചയുടെ വിരുന്നൂട്ടാണ്. മദപ്പാടിന്റെ ഒരായിരം ചിന്നം വിളികള്‍ക്കിടയില്‍ സ്നേഹത്തിന്റെ മധുരമായ വിരുന്നൂട്ടലിന് ഒരു കൂട്ടം മനുഷ്യര്‍ നിരന്നു നില്‍ക്കുമ്പോള്‍ ആനപ്പകക്ക് തരിമ്പും സ്ഥാനമില്ല.

       കാട് കയറാന്‍ ഞങ്ങള്‍ തയ്യാറായി.മനസ്സും ശരീരവും കാലും ഒരുക്കി വച്ചു.ട്രക്കിംങ് കിഴക്കു മലയിലേക്കായിരുന്നു.അഞ്ചു കിലോമീറ്റര്‍ നടത്തം.കുത്തു കയറ്റവും ഇടതൂര്‍ന്ന മരങ്ങളും.വേനലിന്റെ കാഠിന്യം കാടിന്റെ കരുത്തിനെ കുറയ്ക്കുന്നതായി തോന്നി.ഗൈഡ് ബിജിയും വിജിത്തും കാടറിവുമായി ഒപ്പമുണ്ട്.കാടിനെ ഹൃദയത്തിലേറ്റിയ സെന്റില്‍മെന്റിലെ താമസക്കാരാണവര്‍.

      കയറ്റം കയറി ഇടത്താവളത്തില്‍ വിശ്രമം.അപൂര്‍വ്വ മരയോന്തും ചിലന്തികളും നാട്ടുകാഴ്ചകളില്‍ ഒരിക്കലും ഇടംപിടിക്കാത്ത ജന്തുജീവിതങ്ങളാണ്.പടര്‍ന്നിരച്ച വള്ളിച്ചെടികള്‍ക്ക് പ്രായം ഏറെയാണ്.മരച്ചില്ലയിലെ ഓര്‍ക്കിഡുകള്‍ക്ക് അപൂര്‍വ്വ ചാരുത.കാട്ടുമൈനയും ചോലക്കുരുവിയും ഇടയ്ക്കെപ്പോഴോ ചിറകു വീശി.മിന്നല്‍ പോലെ പാഞ്ഞ ഒരു കുരങ്ങനെ പിന്നെയെങ്ങും കണ്ടില്ല.കാട്ടു കനികളുടെ കുറവാകാം കാരണം.

       കിഴക്കുമലയിലെത്തുമ്പോള്‍ സൂര്യന്‍ ഉച്ചിയില്‍.കുടിവെള്ളം എല്ലാവരും കുടം പോലെ കമിഴ്ത്തി.മലനിരകളെ മുത്തമിടുന്ന മേഘങ്ങള്‍.ദൂരെ നെയ്യാര്‍ തടാകം.വിദൂരതയില്‍ അനന്തപുരിയിലെ തല ഉയര്‍ത്തിയ മാളികകള്‍.

       മുന്നോട്ടുള്ള വഴികഠിനം.തിരികെ അരുവിയും ചതുപ്പും കണ്ട് കാടിറക്കം.അരുവി വെറും നീര്‍ച്ചാലായി.കാലാവസ്ഥ കാടിനെ വറുത്തെടുക്കുന്നുണ്ട്.ചതുപ്പില്‍ ആനയിറങ്ങിയതായി ഗൈഡിന് ഫോണ്‍.അപ്രതീക്ഷിത സന്ദര്‍ശനങ്ങള്‍ വനയാത്രയില്‍ കൗതുകം തരുന്നവയാണ്,പക്ഷെ അപകടകരവും.ആനക്കൂട്ടങ്ങളെ കണ്ട് പിന്തിരിയുകയാണ് നല്ലത്.

      പിന്‍ നടത്തം.കാട്ടില്‍ കാല്‍പ്പാദങ്ങള്‍ മാത്രം പതിപ്പിച്ച് കാടിനെക്കുറിച്ചുള്ള ഓര്‍മകള്‍ മാത്രം അവിടെ നിന്നെടുത്ത് ഞങ്ങള്‍ കാടിറങ്ങി.






 
 








മാതൃഭൂമി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ