2019, ജൂൺ 19, ബുധനാഴ്‌ച

വായനദിനം

      
       മുന്‍ എഡിറ്റര്‍മാരുടെ സംഗമത്തില്‍ 
        പക്ഷിക്കൂട്ടത്തിന് പത്താം പിറന്നാള്‍






നെടുവേലി സര്‍ക്കാര്‍ വിദ്യാലയത്തിന്റെ മുഖമുദ്രയായ പക്ഷിക്കൂട്ടം സാഹിത്യമാസികയുടെ വാര്‍ഷികപ്പതിപ്പിന്റെ പ്രകാശനം വായനദിനത്തില്‍ നടന്നു.വിശിഷ്ടാതിഥികളായെത്തി പ്രകാശന കര്‍മ്മം നിര്‍വഹിച്ചത് കഴിഞ്ഞ പത്ത് വര്‍ഷം മാസികയുടെ എഡിറ്റര്‍മാരായിരുന്ന പത്ത് പൂര്‍വവിദ്യാര്‍ത്ഥികള്‍. ഉപരിപഠന മേഖലയില്‍ വിവിധ കലാലയങ്ങളിലെ പഠനത്തിരക്കുകള്‍ക്കിടയിലും തങ്ങളുടെ പ്രിയപ്പെട്ട പക്ഷിക്കൂട്ടത്തിന്റെ കിളിയൊച്ച അവര്‍ ഇന്നും കാതോര്‍ക്കുന്നു.കഥയും കവിതയും ലേഖനവും ചിന്താവിഷയവും പുസ്തക നിരൂപണവും എഴുതിയും കൂട്ടുകാരെക്കൊണ്ട് എഴുതിച്ചും എഡിറ്റും ‍ടൈപ്പും ചെയ്ത് പത്തു വര്‍ഷം ലിറ്റില്‍ മാസികയെ വളര്‍ത്തിയവര്‍ ഒത്തു ചേര്‍ന്നത് വായനദിനത്തിലെ അക്ഷര വെളിച്ചത്തിന് തിളക്കം കൂട്ടി. ഒരു സര്‍ക്കാര്‍ വിദ്യാലയത്തിന്റെ പരിമിതികളെ മറി കടന്നുകൊണ്ട് ജൂണ്‍മുതല്‍ ജനുവരി വരെ പത്തു വര്‍ഷമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്ന സാഹിതീ സപര്യയാണിത്.ഇപ്പോള്‍ ഡിജിറ്റല്‍ മാസികാ രൂപത്തിലും ഈ മാസിക ബ്ലോഗില്‍ വായിക്കാം.എസ്.എം.സി ചെയര്‍മാന്‍ ഷിജി,ഹെഡ്മിസ്ട്രസ്സ് കെ.ജയശ്രീ,അദ്ധ്യാപകന്‍ ജോസ്.ഡി സുജീവ് പൂര്‍വ വിദ്യാര്‍ത്ഥികളായ മുഹമ്മദ് ആഷിക്,അര്‍ച്ചന,വൈഷ്ണ,ആതിര,അശ്വതി,മിഥുന,സ്നേഹ എന്നിവര്‍ സംസാരിച്ചു.യുവ കവി എ.ആര്‍ പെരുംകൂര്‍ കവിയരങ്ങില്‍ സ്വന്തം കവിത അവതരിപ്പിച്ചു. ആദിത്യനാഥ് നന്ദി പറഞ്ഞു.






അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ