2020, മേയ് 15, വെള്ളിയാഴ്‌ച

ഓൺ ലൈൻ ക്ലാസ്

               
          കൊറോണക്ക് നെടുവേലി സ്കൂളിനെ   
                തോൽപ്പിക്കാനാവില്ല.



 കൊറോണക്കാലത്തും ഓൺ ലൈൻ ക്ലാസ് മുറി  സജ്ജമാക്കി നെടുവേലി  സർക്കാർ വിദ്യാലയം പഠന പ്രവർത്തനങ്ങ ളുമായി മുന്നേറുന്നു.പത്താം ക്ലാസ്സിൽ ഇനി നടക്കേണ്ട പരീക്ഷാ വിഷയങ്ങളായ ഗണിതം, ഫിസിക്സ്, കെമിസ്ട്രി എന്നിവയ്ക്ക് പഠന പിന്തുണയുമായി അദ്ധ്യാപകർ  സ്വന്തം വീട്ടിൽ ക്ലാസ്സ് മുറി ഒരുക്കി. എല്ലാ ദിവസവും രാവിലെ 11 മണിക്ക് കുട്ടികൾ ഓൺ ലൈൻ ക്ലാസ്സിലെത്തും.ഓരോ ഡിവിഷനും പ്രത്യേകം വാട്സാപ്പ് ക്ലാസ്സ് ഗ്രൂപ്പ് തയ്യാറാക്കിയിട്ടുണ്ട്.വീഡിയോയി
ലൂടെയും വർക്ക് ഷീറ്റിലൂടെയും അദ്ധ്യാപകർ ക്ലാസ്സെടുക്കും.സംശയങ്ങൾ തത്സമയം പങ്കുവച്ച് പരിഹരിക്കും. വർക്ക് ഷീറ്റ് ചെയ്ത് ഉത്തരം കുട്ടികൾ അദ്ധ്യാപകന് അപ് ലോഡ് ചെയ്യും. അത് മൂല്യനിർണ്ണയം നടത്തി അദ്ധ്യാപകൻ ഗ്രൂപ്പിൽ ഷെയർ ചെയ്യും.മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന സമഗ്രമായ ക്ലാസ്സ് മുറി പ്രവർത്തനമായി ഇത് മാറുന്നു. പഠനോപകരണങ്ങളും ലാപ്ടോപ്പും ഉപയോഗിച്ച് ക്ലാസ്സ് സജീവമാക്കി  വീട്ടിൽ സ്റ്റുഡിയോ ഒരുക്കാൻ അദ്ധ്യാപകർക്കൊപ്പം കുടുംബാംഗങ്ങളും പങ്കു ചേരുന്നു. കുട്ടികൾക്കൊപ്പം വീടുകളിൽ നെറ്റും കൂട്ടുമൊരുക്കി രക്ഷിതാക്കളും.  പഠനത്തിലെ വെല്ലുവിളികളെയും പ്രതിസന്ധികളെയും ഒരു സ്കൂൾ ഒത്തുചേർന്ന് നേരിടുന്ന അതിജീവന കഥയാണിത്. ഏപ്രിൽ 12 ഞായറാഴ്ച തുടങ്ങിയ ക്ലാസ്സുകളുടെ ഓൺലൈൻ ഉദ്ഘാടനം തിരുവനന്തപുരം ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ                നിർവഹിച്ചു. തിരുവനന്തപുരം ഡി.ഇ.ഒ ,ജില്ലാ പഞ്ചായത്ത് മെമ്പർ ഉഷാകുമാരി, പി.റ്റി.എ പ്രസിഡൻ്റ് ബി.എസ്. ചിത്രലേഖ, എസ്.എം.സി ചെയർമാൻ എച്ച്.ഷിജി, ഹെഡ്മിസ്ട്രസ്സ് കെ.ജയശ്രീ എന്നിവർ ഓൺ ലൈൻ ആശംസ നേർന്നു.സ്കൂളിലെ മുഴുവൻ ജീവനക്കാരും ഓൺ ചടങ്ങിൽ സംബന്ധിച്ചു. നിശ്ചിത വിഷയങ്ങളുമായി ബന്ധപ്പെട്ട വിദഗ്ദ്ധ ഫാക്കൽറ്റി അംഗങ്ങളും തുടർന്നുള്ള ദിവസങ്ങളിൽ ക്ലാസ്സിൽ കൂട്ടുചേരുന്നു.വേറിട്ട പ്രവർത്തനങ്ങളിലൂടെ പൊതു വിദ്യാഭ്യാസ മേഖലയിൽ ചടുലമായ മുന്നേറ്റം നടത്തുന്ന നെടുവേലി സർക്കാർ സ്കൂളിന്റെ അതിജീവന കാലത്തെ മറ്റൊരു കൈത്താങ്ങും കയ്യൊപ്പുമാണ് ഈ പ്രവർത്തനം. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ