2013, ഫെബ്രുവരി 5, ചൊവ്വാഴ്ച

പഠനയാത്ര






കുട്ടത്തി വാതുക്കത്തോടിന്റെ കുളിര്‍മ്മയില്‍ അല്‌പനേരം       
                            
        കുട്ടത്തിവാതുക്കത്തോടിന്റെ കുളിര്‍മ്മ നെടുവേലി ഗ്രീന്‍സിന്റെ പരിസരപഠനയാത്രയുടെ ധന്യതയായിരുന്നു.ചെടികളുടെ പച്ചക്കുടക്കീഴില്‍ ചെറുതോടുകളില്‍ നിന്നൊഴുകിയെത്തി പാറപ്പുറത്തെ തലോടിത്തെറിക്കുന്ന വെള്ളം വനപ്രദേശത്തിന്റെ സ്വാഭാവികതയെ അനുഭവവേദ്യമാക്കി.നെടുവേലിയിലെ പരിസ്ഥിതി സ്‌നേഹികളുടെ ഇക്കൊല്ലത്തെ യാത്ര നെയ്യാര്‍ഡാമിലേക്കായിരുന്നു.നവംബര്‍ 10 ന്‌ രാവിലെ നെയ്യാര്‍ പരിസ്ഥിതി പഠനകേന്ദ്രത്തിലെത്തി.വൈല്‍ഡ്‌ ലൈഫ്‌ അസിസ്റ്റന്റ്‌ വാര്‍ഡന്‍ ബെന്നി ജൈവവൈവിധ്യത്തിന്റെ പ്രാധാന്യത്തിലൂന്നി ഏകദിനപരിസരപഠനയാത്രയുടെ രൂപരേഖ വരച്ചിട്ടു.ക്ലാസ്സിനുശേഷം ഇക്കോടൂറിസത്തിന്റെ ഭാഗമായ കോട്ടൂര്‍ കാപ്പുകാട്‌ ആനപുനരധിവാസ കേന്ദ്രത്തിലെത്തി.ഗജരാജന്മാരുടെയും കുട്ടിയാനകളുടെയും സ്‌നാനം കുട്ടികള്‍ക്ക്‌ ഉത്സവക്കാഴ്‌ചയായി.കുട്ടിയാനയുടെ തുമ്പിക്കൈത്തലോടലും കുട്ടിക്കളിയും കുറുമ്പും കണ്ട്‌ കുറച്ചുനേരം.പശ്ചാത്തലത്തില്‍ കരിവീരന്റെ ചിന്നം വിളി.ആനപ്പുറത്തിരുന്ന്‌ കാടുകാണുന്ന വിദേശികള്‍ മറ്റൊരു കാഴ്‌ച.
           വനത്തിന്റെ സ്വച്ഛതയറിഞ്ഞുള്ള യാത്ര.കുട്ടത്തിവാതുക്കത്തോട്ടിലേക്ക്‌.വന്‍വക്ഷങ്ങളും വള്ളിച്ചെടികളും ഇടചേര്‍ന്ന കാടിന്റെ സ്വാഭാവിക പ്രകൃതി.ഇടക്ക്‌ തെളീനീരൊഴുക്കുന്ന ചെറുതോടുകള്‍.പെട്ടെന്ന്‌ ഒരു മലയണ്ണാന്‍ വന്നെത്തി.കാട്ടുമരത്തിലെ പഴം അവന്‍ ആസ്വദിച്ച്‌ തിന്നുന്നുണ്ട്‌.വനയാത്രയില്‍ കാട്ടിനുള്ളില്‍ കണ്ട പ്ലാസ്റ്റിക്കുകള്‍ കുട്ടികള്‍ ശേഖരിച്ചു.
മാന്‍ പാര്‍ക്ക്‌ കണ്ട്‌ മുതലപിടുത്തക്കാരന്‍ സ്റ്റീവ്‌ ഇര്‍വിന്റെ പേരിലുള്ള ചീങ്കണ്ണി പുനരധിവാസ കേന്ദ്രത്തില്‍.പോരില്‍ കീഴ്‌ വായ നഷ്‌ടപ്പെട്ട്‌ ദൈന്യതയോടെ പ്രതിമപോതൊരു ചീങ്കണ്ണി.മൃഗരാജനെ കാണാന്‍ വനത്തിലുള്ളിലെ സിംഹമടയിലേക്ക്‌.വളഞ്ഞുപുളഞ്ഞ വഴിയിലൂടെ വാനില്‍ കൗതുകം കൊളുത്തിയ മിഴിയുമായി പുറത്തേക്ക്‌ എല്ലാവരും ഉറ്റുനോക്കി.ടോപ്പ്‌ ഹില്ലിലെ ചെടിപ്പടര്‍പ്പിനിടയില്‍ ഒരു ജടാരൂപം.മൃഗരാജന്‍ കാടിന്റെ ഗരിമയില്‍ തലഉയര്‍ത്തി കിടപ്പാണ്‌.വാഹനത്തിന്റെ ഒച്ചകേട്ട്‌ പെണ്‍സിംഹങ്ങള്‍ മുരണ്ടു.
നെട്ടുകാല്‍ത്തേരി തുറന്ന ജയില്‍.നല്ലനടപ്പുള്ള തടവുപുള്ളികള്‍കാര്‍ഷിക വൃത്തിയുടെ ശാന്തതയില്‍ ഒതുങ്ങിക്കൂടുന്നു.ഏക്കറുകളോളമുള്ള ജയില്‍ വളപ്പ്‌.റബ്ബറും വാഴയും നിറഞ്ഞ പറമ്പ്‌.ആരാധനക്കും വിനോദത്തിനും സൗകര്യം.പൊതുസമൂഹത്തിലെത്തുമ്പോള്‍ ഉത്തമപൗരനായി ആത്മവിശ്വാസത്തോടെ തൊഴില്‍ചെയ്‌ത്‌ ജീവിക്കാനുള്ള പരിശീലനക്കളരികൂടിയാണ്‌ ഈ തുറന്നജയില്‍.
           ജയിന്റ്‌ ഗൗതമിയും തത്തമത്സ്യവും ചീങ്കണ്ണി മത്സ്യവും പിരാനയുമടങ്ങുന്ന മത്സ്യങ്ങളുടെ വര്‍ണ്ണലോകത്തേക്കായിരുന്നു പിന്നീടുള്ള സന്ദര്‍ശനം.മറൈന്‍ അക്വേറിയത്തിലെ നിറപ്പൊലിമയും രൂപവൈവിധ്യവും ആസ്വദിച്ച്‌ ഡാംസൈറ്റിലേക്ക്‌.ഡാമിന്റെ മുകള്‍ത്തട്ടില്‍ നിന്ന്‌ ചുറ്റുപാടും നോക്കിക്കണ്ടു.കരിനീലക്കാടുകളും നീലജലാശയവും മഞ്ഞുപുതച്ച മരങ്ങളും ഒരു വിദൂരദൃശ്യം.ക്ഷീണിച്ച കാലുകളും ഉത്സാഹം നിറഞ്ഞ മനസ്സുമായി സ്‌കൂള്‍ ബസ്സിലേക്ക്‌. 





                                              






അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ